ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാര ചടങ്ങിനെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ദേശീയ പുരസ്‌ക്കാരം ലഭിച്ച മുഴുവന്‍ പേര്‍ക്കും രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യാത്തതില്‍ താന്‍ നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു. 11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം വിതരണം ചെയ്യുകയുള്ളൂവെന്നതാണ് വിവാദത്തിന് ഇടയാക്കിയത്.
‘രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യാത്തതിന് പിന്നില്‍ എന്തെങ്കിലും തരത്തിലുള്ള കാരണങ്ങളുണ്ടോയെന്ന് അറിയില്ല. ചിലപ്പോള്‍ രാഷ്ട്രപതിക്കുള്ള ആരോഗ്യപരമായ കാരണമാവാമെന്നും റഹ്മാന്‍ പറഞ്ഞു. അവാര്‍ഡിനര്‍ഹരായ കുറേയേറെ താരങ്ങള്‍ വിഷയത്തില്‍ ദു:ഖിതരാണ്. അതവരുടെ ആഗ്രഹത്തിന്റെ പ്രതികരണമാണെന്നാണ് ഞാന്‍ കരുതുന്നത്. രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുക എന്നത് ചിലരുടെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ഞാന്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്നറിയില്ല. പുരസ്‌കാരം ബഹിഷ്‌ക്കരിച്ച സംഭവത്തിലും രാഷ്ട്രപതി വിതരണം ചെയ്യാത്തതിലും ഞാന്‍ നിരാശനുമാണ്’; അദ്ദേഹം പറഞ്ഞു.
68 താരങ്ങളാണ് പുരസ്‌കാരം ബഹിഷ്‌ക്കരിച്ചത്. മലയാളത്തില്‍ നിന്നും യേശുദാസും സംവിധായകന്‍ ജയരാജും ചടങ്ങില്‍ പങ്കെടുത്തു.