ഡോ. രമേഷ് ഭാസി
സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ് റുമറ്റോളജി വിഭാഗം, ആസ്റ്റര്‍ മിംസ്് കോഴിക്കോട്
പ്രസിഡണ്ട്, ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍
കേരള ചാപ്റ്റര്‍
ഇന്ത്യയിലെ വാതരോഗ ചികിത്സാ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ ഏപ്രില്‍ മാസം വാതരോഗ ബോധവത്കരണ മാസായി ആചരിക്കുകയാണ്. റുമറ്റോളജി എന്ന വാതരോഗ ചികിത്സാ വിഭാഗത്തെയും വിവിധ തരം വാതരോഗങ്ങളെയും കുറിച്ച് പൊതുജനങ്ങളില്‍ ഒരു അവബോധം ഉണ്ടാക്കിയെടുക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, ലൂപ്പസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ഗൗട്ട്, വാസ്‌കുലൈറ്റിസ്, സ്പോസ്പോണ്ടൈലോ ആര്‍ത്രോപ്പതി, തുടങ്ങി ഏതാണ്ട് നൂറിന് മുകളില്‍ വിവിധതരം വാതരോഗങ്ങളുണ്ട്. ഈ ബോധവത്കരണം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നോക്കാം.
1. വിവിധതരം വാതരോഗങ്ങളുടെ രോഗനിര്‍ണ്ണയം, നൂതന ചികിത്സാ രീതികള്‍ എന്നിവ പരിചയപ്പെടുത്തുക.
2. തുടക്കത്തിലേയുള്ള രോഗനിര്‍ണ്ണയത്തിന്റേയും ശരിയായ ചികിത്സയുടേയും പ്രാധാന്യം മനസ്സിലാക്കുക
3. ദീര്‍ഘകാല ചികിത്സയെ കുറിച്ചും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുക.
4. വേദനാമുക്തമായ തീര്‍ത്തും സാധാരണമായ ജീവിതം നയിക്കുവാന്‍ രോഗിയെ ശാരീരികമായും മാനസികമായും തയ്യാറാക്കുക.
5. രോഗവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതിന് രോഗിയെ മാത്രമല്ല കുടുംബാംഗങ്ങളെയും പ്രാപ്തമാക്കുക.
6. രോഗികളുടെ കൂട്ടായ്മ, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നീ സംവിധാനങ്ങളെ പരിചയപ്പെടുത്തുക.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, എസ് എല്‍ ഇ എന്നീ ഓട്ടോ ഇമ്യൂണ്‍ വാതരോഗങ്ങള്‍ കൂടുതലായി കണ്ട് വരുന്നത്. എന്നാല്‍ ഗൗട്ട്, സ്പോണ്ടൈലോ ആര്‍ത്രോപ്പതി എന്നീ വാതരോഗങ്ങള്‍ പുരുഷന്മാരെ കൂടുതലായി ബാധിക്കുന്നു.
വാതരോഗങ്ങള്‍ മുതിര്‍ന്നവരെ മാത്രമല്ല കുഞ്ഞുങ്ങളെയും ബാധിക്കുന്നുണ്ട്. ജുവനൈല്‍ ഇഡിയോപ്പതിക് ആര്‍ത്രൈറ്റിസ്, റുമാറ്റിക് ഫീവര്‍, കാവസാക്കി ഡിസീസ് എന്നീ വാതരോഗങ്ങള്‍ കുഞ്ഞുങ്ങളില്‍ കൂടുതലായി കണ്ട് വരുന്നു. സമീപകാലത്തെ കോവിഡ് വ്യാപനത്തിന് ശേഷം വാതരോഗങ്ങള്‍ വരാനുള്ള പ്രവണത കൂടുതലായി കണ്ട് വരുന്നുണ്ട്. സന്ധികളെ മാത്രമല്ല ആന്തരിക അവയവങ്ങളെയും ബാധിക്കാം എന്നത് വാതരോഗങ്ങളുടെ പ്രത്യേകതയാണ്. ഉദാഹരണമായി ലൂപ്പസ് പോലുള്ള വാതരോഗങ്ങള്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുമ്പോള്‍ മയോസൈറ്റിസ്, റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നീ വാതരോഗങ്ങള്‍ ശ്വാസകോശത്തെ ബാധിക്കാം. ജുവനൈല്‍ ഇഡിയോപ്പതിക് ആര്‍ത്രൈറ്റിസ് കുട്ടികളുടെ കണ്ണുകളെ ബാധിക്കാം. തുടക്കത്തിലുള്ള രോഗനിര്‍ണ്ണയവും ശരിയായ ചികിത്സയും ഇത്തരം സങ്കീര്‍ണ്ണതകള്‍ തടയാന്‍ സഹായകരമാകും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ബയോളജിക്സ് എന്ന നൂതന ചികിത്സാരീതിയുടെ ആവിര്‍ഭാവത്തോടെ വാതരോഗ ചികിത്സയില്‍ നാം വളരെ മുന്നോട്ട് പോയിട്ടുണ്ട്. ഇത്തരം ചികിത്സാ രീതികള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്നതിന് സര്‍ക്കാര്‍ തലത്തിലും രോഗികളുടെ കൂട്ടായ്മയിലും മറ്റും ഒരു ക്രിയാത്മക പ്രവര്‍ത്തനം നടത്തേണ്ടത് അത്യാവശ്യമാണ്. സന്ധികളിലെ വേദന, വീക്കം, ചുവപ്പ്, ഇടവിട്ടുള്ള പനി, തൊലിപ്പുറത്തെ പാടുകള്‍, മുടികൊഴിച്ചില്‍, കാലിലെ വീക്കം, മൂത്രം പതഞ്ഞ് പൊങ്ങുന്ന അവസ്ഥ, പേശി തളര്‍ച്ച എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒട്ടും വൈകാതെ ഒരു റുമറ്റോളജിസ്റ്റിന്റെ അഭിപ്രായം തേടേണ്ടതാണ്.