X

ജുഡീഷ്യറിയുടെ വിശ്വാസം തകര്‍ക്കുന്ന നിയമനങ്ങള്‍- എഡിറ്റോറിയല്‍

ഭരണഘടനാസ്ഥാപനങ്ങളായ നിയമനിര്‍മാണ സഭകളുടെയും എക്‌സിക്യൂട്ടീവിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതികള്‍ ഉയരാറുണ്ടെങ്കിലും ജുഡീഷ്യറിയെക്കുറിച്ച് തുറന്ന വിമര്‍ശനങ്ങള്‍ സാധാരണമല്ലായിരുന്നു. എന്നാലിപ്പോള്‍ അതും നിത്യസംഭവമെന്നോണം മാറിയിരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന അസുഖകരമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഭരണാധികാരികള്‍ക്ക് സ്തുതിപാടി അധികാരം കയ്യാളുന്ന ഉദ്യോഗസ്ഥരെ പോലെ ജുഡീഷ്യറിയും മാറുന്ന വേദനാജനകമായ കാഴ്ചയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിയമനിര്‍മാണ വിഭാഗങ്ങള്‍ ഇതില്‍നിന്ന് വിഭിന്നമാവേണ്ടതുണ്ട്. കാരണം ജനാധിപത്യത്തിന്റെ പ്രധാന തൂണുകളിലൊന്നാണ് ജുഡീഷ്യല്‍ സംവിധാനം. ഇതിലുള്ള പൊതുജന വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ ജനാധിപത്യ സംവിധാനത്തിന്റെ പ്രസക്തി ഇല്ലാതാകും.

ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുകയെന്ന അജണ്ടയുമായി ഭരണത്തിലെത്തിയ സംഘ്പരിവാര്‍ നയിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റശേഷമാണ് കോടതികള്‍പോലും സംശയത്തിന്റെ നിഴലിലായത്. അനീതിയെന്ന് ആര്‍ക്കും പ്രകടമായി തോന്നുന്ന വിധിയാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസിലടക്കം രാജ്യം കണ്ടത്. ജഡ്ജിമാര്‍ വിവാദ വിധികള്‍ പുറപ്പെടുവിക്കുകയും പിന്നാലെ അവര്‍ രാഷ്ട്രീയ നിയമനങ്ങളിലുള്‍പ്പെടുകയും ചെയ്യുന്നതാണ് സമീപകാല ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്? ജുഡീഷ്യറി സ്വതന്ത്രവും നിഷ്പക്ഷവും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതവുമായിരിക്കുക എന്നതാണ് ജനാധിപത്യ സംവിധാനത്തിന്റെ കാതല്‍. അത് സംശയങ്ങള്‍ക്കിട നല്‍കാത്തവിധം സംശുദ്ധമായിരിക്കണം.

ബാബരി മസ്ജിദ്, മുത്തലാഖ് കേസുകളില്‍ അടക്കം വിധി പറഞ്ഞ റിട്ട. സുപ്രീംകോടതി ജഡ്ജി എസ് അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശിന്റെ ഗവര്‍ണറായി നിയമിച്ച നടപടിയാണിപ്പോള്‍ വിമര്‍ശനവിധേയമായത്. നോട്ടു നിരോധന കേസിലും സ്വകാര്യത സംബന്ധിച്ച കേസിലും വിധി പറഞ്ഞ ബെഞ്ചുകളില്‍ അംഗമായിരുന്ന ജസ്റ്റിസ് നസീര്‍ ഈ വര്‍ഷം ജനുവരി മൂന്നിനാണ് സുപ്രീംകോടതി ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ചത്. ബാബരി കേസില്‍ വിധി പറഞ്ഞ ബെഞ്ചിലെ ഏക മുസ്‌ലിം അംഗമായിരുന്നു ജസ്റ്റിസ് നസീര്‍. നോട്ട് നിരോധനം ശരിവെച്ച കേസില്‍ വിധി പറഞ്ഞ ശേഷമാണ് അദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്നായിരുന്നു കേസിലെ ഭൂരിപക്ഷ വിധി. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തി അദ്ദഹേം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ റിട്ട. ജഡ്ജിമാരില്‍ മൂന്നു പേരും വിരമിച്ച ശേഷം ഔദ്യോഗിക പദവികളിലെത്തിയ കാഴ്ചയാണ് രാജ്യത്തിന് കാണാനായത്. രഞ്ജന്‍ ഗൊഗോയ്, അശോക് ഭൂഷണ്‍, എസ്.എ അബ്ദുല്‍ നസീര്‍ എന്നിവരാണ് ഔദ്യോഗിക പദവികളില്‍ നിയമിക്കപ്പെട്ടത്. ബാബരി കേസില്‍ വിധി പറഞ്ഞ ബെഞ്ചിന്റെ തലവനായിരുന്ന ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇപ്പോള്‍ രാജ്യസഭാംഗമാണ്. ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് വിരമിച്ച് നാല് മാസത്തിനുള്ളിലാണ് ജസ്റ്റിസ് ഗൊഗോയ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തനിക്ക് രാജ്യസഭയിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെയാണ് സ്വീകരിച്ചതെന്ന് തന്റെ ആത്മകഥയില്‍ ഗൊഗോയ് പറയുന്നുണ്ട്. ബെഞ്ചിലെ മറ്റൊരു ജഡ്ജിയായിരുന്ന ജസ്റ്റിസ് അശോക് ഭൂഷണ്‍ നാഷണല്‍ കമ്പനി ലോ അപ്പെലറ്റ് ട്രൈബ്യൂണല്‍ (എന്‍.സി. എല്‍.എ.ടി) ചെയര്‍പേഴ്‌സണ്‍ ആയാണ് നിയമിക്കപ്പെട്ടത്. വിരമിച്ച് മൂന്ന് മാസത്തിനുള്ളിലാണ് അദ്ദേഹം പുതിയ പദവിയില്‍ നിയമിതനായത്. നേരത്തെ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ മോദി സര്‍ക്കാര്‍ കേരള ഗവര്‍ണറായും നിയമിച്ചിരുന്നു.

മാനുഷിക മൂല്യങ്ങളെ ആദരിക്കാനും തങ്ങളുടെ മുമ്പില്‍ പരാതികളുമായി എത്തുന്നവരെ അനുകമ്പയോടെയും നീതിബോധത്തോടെയും അഭിമുഖീകരിക്കാനും ന്യായാധിപന്മാര്‍ക്ക് സാധിക്കണം. ഭരണാധികാരികളുടെയോ ബാഹ്യ ശക്തികളുടെയോ താല്‍പര്യ സംരക്ഷണത്തിനുപ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായി അവര്‍ മാറരുത്. വിധേയത്വങ്ങള്‍ ഒരാള്‍ക്കും നീതിനിഷേധത്തിനിട വരുത്തരുത്. ജുഡീഷ്യറി സമ്പൂര്‍ണ സ്വതന്ത്രവും ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തില്‍നിന്ന് മുക്തമാകുകയും വേണം. സംശയകരമായ വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ മാത്രമല്ല, വിരമിക്കുന്നതിനുപിന്നാലെ ഉന്നത പദവികളില്‍ നിയമിക്കപ്പെടുമ്പോഴും ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതക്കാണ് കോട്ടം തട്ടുന്നത്. ഇത്തരത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടതുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും ജനാധിപത്യവിശ്വാസികളും ഇതിനായി പ്രവര്‍ത്തിക്കണം. പൊതുജനങ്ങള്‍ക്കുള്ള അവസാന അത്താണിയും നഷ്ടപ്പെടരുത്. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തിന്റെ നാശത്തിനാകും വഴിവെക്കുകയെന്ന് എല്ലാവരും ഓര്‍ക്കണം.

webdesk13: