വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി തീരുമാനം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി മുസ്ലിംലീഗിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൊല്ലത്ത് നടന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഇത് വിജയത്തിന്റെ ദിവസമാണ്. ഇന്നത്തെ ദിവസം പാര്‍ട്ടിയുടെ എം.എല്‍.എമാര്‍ നിയമസഭയില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചതിന്റെ ഫലമായാണ് അവര്‍ ആരും ഈ പരിപാടിക്ക് എത്താതിരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ നിയമസഭയില്‍ നടത്തിയ പോരാട്ടം വിജയിച്ച ദിവസമാണിന്ന്. വഖഫ് നിയമനത്തില്‍ സമുദായത്തിന്റെ അതൃപ്തി നേടിയ നിയമമുണ്ടാക്കാന്‍ ഇടത് സര്‍ക്കാര്‍ നിയമസഭയില്‍ തീരുമാനമെടുത്തു. അന്നു തന്നെ മുസ്ലിംലീഗ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുകയും ശക്തമായി സമരപാതയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ആ പോരാട്ടം തള്ളിക്കളയാനാവില്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇപ്പോള്‍ അവര്‍ പിന്മാറിയിരിക്കുന്നത്. നമ്മുടെ സംഘടിത ശക്തിയുടെയും ഇച്ഛാശക്തിയുടെയും വിജയ ദിനമാണിന്ന്. – സാദിഖലി തങ്ങള്‍ പറഞ്ഞു.
ഹൈദരാബാദ് ആക്ഷന്‍ കാലത്ത് മുസ്ലിംലീഗില്‍ പ്രവര്‍ത്തിക്കുന്നത് തന്നെ അധികാരികള്‍ കുറ്റമായി കണ്ടപ്പോള്‍ ഈ പച്ചപ്പതാകയേന്തി പോരാട്ട വീഥിയില്‍ അണിനിരന്നവരാണ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്‍കാല നേതാക്കള്‍. ഭാഷാപഠനത്തിനെതിരെ നിയമം കൊണ്ടുവന്നപ്പോള്‍ പോരാട്ടവീഥിയില്‍ ഉറച്ച് നിന്ന് മൂന്ന് ചെറുപ്പക്കാര്‍ രക്തസാക്ഷിത്വം വഹിച്ചു. അവിടെയും അന്നത്തെ ഇടത് സര്‍ക്കാരിന് ആ നിയമം തിരുത്തേണ്ടി വന്നു. ആ സംഭവത്തിന്റെ തനിയാവര്‍ത്തനമാണ് ഈ ദിവസം സംഭവിച്ചിരിക്കുന്നത്. മഹാന്മാര്‍ നയിച്ച പാതയിലൂടെ നമുക്ക് ഉറച്ച കാല്‍വെപ്പുകളോടെ മുന്നോട്ട് പോകാം- തങ്ങള്‍ പറഞ്ഞു.