മലപ്പുറം: സര്‍ക്കാരും മുഖ്യമന്ത്രിയും മതപണ്ഡിതന്മാരെ വിളിച്ച് വഖഫ് ഭേദഗതി പിന്‍വലിക്കുന്നകാര്യം പരിഗണിക്കുമെന്ന് പറഞ്ഞ് വഞ്ചിച്ചിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. നിയമസഭാ സമ്മേളനം അവസാനിക്കാനിരിക്കെ ഇതിനായി ബില്ല് അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ട്. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ സ്വകാര്യബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമയം അനുവദിച്ച വെള്ളിയാഴ്ച സഭ ചേരാത്തതിനാല്‍ അവതരിപ്പിക്കാനായില്ല. ബില്ല് അവതരിപ്പിച്ച് പാസാക്കി ഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ മുസ്്‌ലിംലീഗ് വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും പി.എം.എ സലാം പറഞ്ഞു.
ആഗസ്ത് ഒന്നിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെയും അനുസ്മരണം കൊല്ലം ജില്ലയില്‍ ചേരാനും കൊച്ചിയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മുസ്‌ലിംലീഗ് സംഘടനാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആഗസ്ത് ഒന്ന് മുതല്‍ ആരംഭിക്കും. ആഗസ്തില്‍ പൂര്‍ത്തീകരിച്ച് സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലംതല തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കും. ജില്ലാ കമ്മിറ്റികള്‍ ഡിസംബറില്‍ നിലവില്‍വരും. 2023 ജനുവരി ആദ്യത്തില്‍ മുസ്്‌ലിംലീഗിന്റെ സംസ്ഥാന കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് സലാം അറിയിച്ചു.
സുഹൃദ് സംഗമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചില്ല എന്ന് പറയുന്നതില്‍ കാര്യമില്ല. ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭമായിരുന്നില്ല സുഹൃദ് സംഗമങ്ങള്‍. സമുഹത്തില്‍ സൗഹാര്‍ദം ഊട്ടിയുറപ്പിക്കാനായിരുന്നു. ലീഗ് സി.പി.എമ്മിനോട് അടുക്കുന്നുവെന്ന് ചിന്തിക്കാനുള്ള യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്നും തങ്ങളുടെ വാക്കുകള്‍ക്ക് വ്യക്തതയുണ്ടെന്നും അതിന് മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കുന്നത് മാധ്യമ ധര്‍മത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.