X
    Categories: keralaNews

സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ നിയമനം; എയ്ഡഡ് സ്‌കൂളുകള്‍ക്ക് അവഗണന

കോഴിക്കോട്: സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നിയമിച്ചപ്പോള്‍ പഠനവൈകല്യമുള്ളവരടക്കം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരെ താല്‍ക്കാലികമായെങ്കിലും നിയമിക്കുന്നതിന് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി പരാതി. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് മുഴുവന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരെ നിയമിച്ചു സേവനം ലഭ്യമാക്കുന്നുണ്ട്.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠനം നടത്തി വരുന്ന എയ്ഡഡ് സ്‌കൂളുകളിലാവട്ടെ ഈ തസ്തികയില്‍ ആരുമില്ലതാനും. പരീക്ഷാ പ്രശ്‌നങ്ങളിലും പഠനവൈകല്യ പ്രശ്‌നങ്ങളിലും സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ഒരു പരിധിവരെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസമാകും. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് വിവേചനം.

എയ്ഡഡ് ഹൈസ്‌കൂളുകളില്‍ മേല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് സേവനം ലഭ്യമാക്കാതെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയോഗം ആരോപിച്ചു. ഓണറേറിയം വ്യവസ്ഥയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെഎയിഡഡ് ഹൈസ്‌കൂളുകളിലും, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കാന്‍ അടിയന്തിര നടപടി ഉണ്ടാവണം.കഴിഞ്ഞ അഞ്ചു വര്‍ഷമായി ഉന്നയിച്ചു വരുന്ന ഈ ആവശ്യത്തെ സര്‍ക്കാര്‍ പാടെ അവഗണിക്കുകയാണെന്നും യോഗം ചൂണ്ടികാട്ടി. സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് മുസ്തഫ പരതക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി യൂസുഫലി വലിയോറ, ഭാരവാഹികളായ സലീം വടക്കന്‍, ഇബ്രാഹിം മണിമൂളി, മുനീര്‍ ചേലമ്പ്ര, റഫീഖ് പാങ്, സാലിം മൂത്തേടം, എം ഷിഹാബുദീന്‍, എന്നിവര്‍ പ്രസംഗിച്ചു.

Chandrika Web: