X

സി.പി.എം സെക്രട്ടറിയുടെ മകന്റെ നിയമനം; അന്വേഷണം പ്രഹസനമാവുന്നു

CPIM FLAG

വെള്ളമുണ്ട: സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ നിയമന വിവാദം വകുപ്പ്തല അന്വേഷണം പ്രഹസനമെന്ന് ആരോപണം. അന്വേഷണം പൂര്‍ത്തിയായെങ്കിലും രക്ഷിതാക്കളുടെ മൊഴി പോലും എടുക്കാത്തത് വിവാദമായിക്കഴിഞ്ഞു. ഒരു കുട്ടിക്ക് രണ്ട് ടി.സി നല്‍കിയത് എങ്ങനെ എന്നതിനും വ്യക്തമായ ഉത്തരമില്ല. തരുവണ ജി.യു.പിയില്‍ നിന്നും ബംഗളൂരുവിലെ വിദ്യാലയത്തിലേക്ക് ടി.സി നല്‍കിയ കുട്ടിയുടെ പേര് വെള്ളമുണ്ട എ.യു.പിയിലും എത്തിയത് എങ്ങനെ എന്ന ആരോപണത്തിന് ഇതുവരെ മറുപടിയുണ്ടായിട്ടില്ല.

ഒരു കുട്ടിക്ക് രണ്ടു ടി.സി അനുവദിച്ചതായ സൂചന ലഭിച്ചതോടെ എവിടെയാണ് തെറ്റ് സംഭവിച്ചത് എന്ന അന്വേഷണവും നടത്തിയിരുന്നുവെങ്കിലും ഉന്നത ഇടപെടല്‍ നടക്കുന്നതിനാല്‍ വകുപ്പ് തലനടപടി ഉണ്ടാവാനിടയില്ല. ബംഗളൂരുവില്‍ പഠിക്കുന്ന കുട്ടിയുടെ അഡ്മിഷന്‍ രക്ഷിതാവറിയാതെ വെള്ളമുണ്ട എ.യു.പിയിലെത്തിയതില്‍ ദുരൂഹതയുയര്‍ന്നിരുന്നു. തരുവണ ഗവ. യു.പി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം അഞ്ചാംതരത്തില്‍ പഠിച്ചിരുന്ന കുട്ടിയുടെ ടി.സിയാണ് രക്ഷിതാവ് അറിയാതെ വെള്ളമുണ്ട എ.യു.പിയിലെത്തിയത്. കഴിഞ്ഞ മേയ് മാസം മുതല്‍ ബംഗളൂരുവിലെ ശബരി സ്‌കൂളില്‍ പഠിക്കുകയാണ് ഈ കുട്ടി. ഈ കുട്ടിയുടെ ടി.സി ശബരി സ്‌കൂളിലേക്ക് അനുവദിച്ചതായി തരുവണയിലെ പ്രധാനധ്യാപകനും പറഞ്ഞിരുന്നു. അസ്സല്‍ ടി.സി രക്ഷിതാവിന്റെ കൈവശവുമുണ്ട്. ഈ ടി.സി വീണ്ടും നല്‍കിയത് ആരെ സഹായിക്കാനാണെന്നതിലാണ് ദുരൂഹത അവശേഷിക്കുന്നത്.

Chandrika Web: