മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമനം: വിയോജനകുറിപ്പ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമനത്തില്‍ വിയോജനകുറിപ്പ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീംകോടതി ഈ വിഷയത്തില്‍ കേസ് പരിഗണിക്കാനിരിക്കെ തിരക്കിട്ടുള്ള നിയമനം ശെരിയല്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടെത്താനുള്ള യോഗത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നു. യോഗത്തില്‍ രാഹുല്‍ ഗാന്ധി നല്‍കിയ വിയോജന കുറിപ്പാണ് എക്സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എക്സിക്യൂട്ടീവ് ഇടപെടലുകള്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള വോട്ടര്‍മാരുടെ ആശങ്കകള്‍ മോദി സര്‍ക്കാര്‍ വഷളാക്കിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അതേസമയം സുപ്രീംകോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യത്തിന്റെ സ്ഥാപക നേതാക്കളുടെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സര്‍ക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്യേണ്ടത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ കടമയാണ് എന്നും രാഹുല്‍ ഗാന്ധി കുറിപ്പില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മോദി സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ഘടനയും, സെലക്ഷന്‍ പ്രക്രിയയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ കോടതി വാദം കേള്‍ക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സംബന്ധിച്ച് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അര്‍ദ്ധരാത്രിയില്‍ തീരുമാനമെടുത്തത് അനാദരവും മര്യാദകേടുമാണ്,- രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി.

 

 

webdesk17:
whatsapp
line