X

പ്രൈമറി സഹകരണ സംഘങ്ങളിലെ നിയമന നിയമനിർമാണം; എസ്.സി-എസ്.ടി സംവരണത്തോടൊപ്പം ഒ.ബി.സിയെയും ഉൾപ്പെടുത്തണം: മുസ്ലിം ലീഗ്

തിരുവനന്തപുരം: കേരളത്തിലെ പ്രൈമറി സഹകരണ സംഘങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ എസ് .സി.-എസ്.ടി. സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള നിയമനിർമ്മാണം നാളെ സഭയിൽ അവതരിപ്പിക്കുമ്പോൾ പ്രസ്തുത നിയമത്തിൽ പിന്നോക്ക ന്യൂനപക്ഷ സംവരണത്തെ സംബന്ധിച്ച പരാമർശങ്ങളൊന്നുമില്ലാത്തതിലുള്ള മുസ്ലിം ലീഗിന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചു.

നിലവിൽ പി.എസ്.സി.യിലും കേരള ബാങ്കിലും സ്വീകരിച്ചിരിക്കുന്ന സംവരണ രീതി പ്രൈമറി സഹകരണ സംഘങ്ങളിലും ബാധകമാക്കിയാലേ സാമൂഹ്യനീതി യാഥാർത്ഥ്യമാകൂ എന്നും മുസ്ലിം ലീഗ് നിവേദനത്തിൽ ഉന്നയിച്ചു.

കേരളംപോലുള്ള ഒരു സംസ്ഥാനത്ത് നടക്കുന്ന ഏത് നിയമനിർമ്മാണവും രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റും . കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ സമുദായ അടിസ്ഥാനത്തിലുള്ള സംവരണം വേണ്ടെന്ന വാദവുമായി മുന്നോട്ടു പോകുന്നത് ന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ആശങ്ക ചെറുതല്ല.

മുഖ്യധാരയിൽ നിന്ന് ന്യൂനപക്ഷങ്ങളെ മാറ്റി നിർത്താനുള്ള നീക്കമാണ് ഈ ശക്തികൾ നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ സംവരണ വിരുദ്ധ നയങ്ങൾക്ക് ഊർജ്ജം പകരാനേ പ്രൈമറി സഹകരണ സംഘങ്ങളിലെ മുസ്ലിം-ഈഴവ പിന്നോക്ക വിഭാഗങ്ങളെ ഒഴിച്ചുനിർ ത്തിക്കൊണ്ട് നിയമസഭയിൽ കൊണ്ടുവരുന്ന സഹകരണ നിയമ ഭേദഗതി ഉപകരിക്കുകയുള്ളൂ എന്നത് വ്യക്തമാണ്.

കേരളത്തിലെ വിവിധ മതസമുദായങ്ങൾക്കിടയിൽ സാമൂഹ്യപുരോഗതിയും അഭിവൃദ്ധിയും കൈവരിച്ചതിൽ സർക്കാർ സർവ്വീസിൽ നിലവിലുള്ള തൊഴിൽ സംവരണ സമ്പ്രദായം വഹിച്ച പങ്ക് വളരെ വലുതാണ് .

കേരളത്തിൻറെ വിശിഷ്ഠ സ്വഭാവം പരിഗണിച്ച് നിയമസഭയിൽ അന്തിമ ചർച്ചക്കും നിയമ നിർമ്മാണത്തിനും കൊണ്ട് വരുന്ന സഹകരണഭേദഗതി നിയമത്തിൽ പ്രൈമറി സഹകരണ സംഘങ്ങളിൽ എസ്.സി.-എസ്.ടി വിഭാഗങ്ങൾക്കൊപ്പം മുസ്ലിം-ഈഴവ-നാടാർ വിശ്വകർമ്മ,ലത്തീൻ കത്തോലിക്ക – മറ്റുപിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് കൂടി സംവരണം ഉറപ്പു വരുത്താനാവശ്യമായ ഭേദഗതി ഔദ്യോഗികമായി കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നിയമസഭ പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ എന്നിവർ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് നിവേദനം നൽകിയത്.

webdesk13: