X

Career Chandrika | മര്‍ച്ചന്റ് നേവിയിലെ കോഴ്‌സുകള്‍ പഠിച്ചുയരാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

പി ടി ഫിറോസ്‌

മര്‍ച്ചന്റ് നേവി മേഖലയില്‍ പഠനാവസരമൊരുക്കുന്ന ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളിലേക്ക് മേയ് 16 വരെ അപേക്ഷിക്കാം. സര്‍വകലാശാലയുടെ ആറു ക്യാമ്പസുകളിലും യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേഷനുള്ള മറ്റു സ്ഥാപനങ്ങളിലുമായുള്ള വിവിധ കോഴ്‌സുകള്‍ വലിയ തൊഴില്‍ സാധ്യതകളുള്ളതാണ്. 7500 കിലോമീറ്ററോളം തീരദേശ പാതയും 12 പ്രധാന തുറമുഖങ്ങളും ഇരുനൂറിലധികം മറ്റു തുറമുഖങ്ങളുമുള്ള ഇന്ത്യയില്‍ മാരിടൈം മേഖലയില്‍ വലിയ കുതിപ്പിനുള്ള സാധ്യതകളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ക്യാപ്റ്റന്‍, എ്യൂ്യൂ്യൂഞ്ചിനീയര്‍, ലോജിസ്റ്റിക് മാനേജര്‍, കപ്പല്‍ നിര്‍മാതാവ്, ഡിസൈനര്‍, പോര്‍ട്ട് മാനേജര്‍ തുടങ്ങിയ പടവുകളില്‍ ആഗോള തലത്തിലുള്ള കമ്പനികളിലടക്കം ജോലി ലഭിക്കാനുള്ള സാധ്യതകളാണ് ഐഎംയുവിലെ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിലൂടെ കൈവരുന്നത്.

ചെന്നൈ, കൊച്ചി, കൊല്‍കത്ത, വിശാഖപട്ടണം, നവി മുംബൈ, മുംബൈ പോര്‍ട്ട് എന്നെ ക്യാംപസുകളിലായി ഐഎംയു നടത്തുന്ന താഴെക്കൊടുത്ത കോഴ്‌സുകളിലേക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം

ബി.ടെക് മറൈന്‍ എഞ്ചിനീയറിങ് (ചെന്നൈ, കൊല്‍ക്കത്ത, മുബൈ പോര്‍ട്ട് ക്യാമ്പസുകള്‍4 വര്‍ഷം)
ബി.ടെക് നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഓഷ്യന്‍ എഞ്ചിനീയറിങ് (വിശാഖപട്ടണം ക്യാമ്പസ് 4 വര്‍ഷം)
ബി.എസ്.സി നോട്ടിക്കല്‍ സയന്‍സ് (ചെന്നൈ, കൊച്ചി, നവി മുംബൈ ക്യാമ്പസുകള്‍ 3 വര്‍ഷം)
ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍ഡ് (ചെന്നൈ, നവി മുംബൈ ക്യാമ്പസ് 1 വര്‍ഷം)
ബിബിഎ ലോജിസ്റ്റിക് ആന്‍ഡ് റീടൈലിങ് & ഇ കൊമേഴ്‌സ് (ചെന്നൈ, കൊച്ചി ക്യാമ്പസ്3 വര്‍ഷം)
അപ്രെന്‍ഷിപ്പ് എംബെഡ്ഡ്ഡ് ബിബിഎ മാരിടൈം ലോജിസ്റ്റിക്‌സ്(വിശാഖപട്ടണം ക്യാമ്പസ് 3 വര്‍ഷം)
ഇതില്‍ ബിബിഎ ഒഴികെയുള്ള കോഴ്‌സുകളിലെ അഡ്മിഷന്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഇതിനു പുറമെ വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളും നിലവിലുണ്ട്. ബിബിഎ ഒഴികെയുള്ള കോഴ്‌സുകള്‍ റെസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതാണ്. ഐഎംയു ക്യാമ്പസുകള്‍ക്ക് പുറമെ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട 16 സ്ഥാപനങ്ങളിലും മുകളില്‍ കൊടുത്ത കോഴ്‌സുകള്‍ നടത്തുന്നുണ്ട് (എല്ലാ കോഴ്‌സുകളും എല്ലായിടത്തുമില്ല). മേയ് 29 നു നടക്കുന്ന ബിരുദ പ്രവേശനത്തിനായുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ (സിഇടിയുജി) 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ്, അഭിരുചി, ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവയില്‍ നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം .തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. അഫിലിയേറ്റ് ചെയ്ത സ്ഥാപങ്ങളിലെ പ്രവേശനത്തിന് പ്രവേശന പരീക്ഷയുടെ റാങ്ക് ലഭിച്ചതിന് ശേഷം അതത് സ്ഥാപനത്തിലെ രീതി പിന്തുടരണം.
ഐഎംയു കൊച്ചി, ചെന്നൈ ക്യാപസുകളില്‍ നടത്തപ്പെടുന്ന ബിബിഎ കോഴ്‌സിന് പ്രവേശന പരീക്ഷ എഴുതേണ്ടതില്ലെങ്കിലും ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് ഫീസടക്കണം. +2 മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഐഎംയുവില്‍ അഫിലിയേറ്റ് ചെയ്ത പാലക്കാടുള്ള കോളജ് ഓഫ് ഷിപ് ടെക്‌നോളജിയില്‍ നടത്തപ്പെടുന്ന 3 വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്.സി ഷിപ്പ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍ കോഴ്‌സിന്റെ പ്രവേശനത്തിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സ്ഥാപനം നേരിട്ടായിരിക്കും പ്രവേശനം നടത്തുന്നത്.

റോത്തക്ക് ഐ.ഐ.എമ്മില്‍ നിയമം പഠിക്കാം

മാനേജ്‌മെന്റ് രംഗത്തെ പ്രമുഖ പഠനസ്ഥാപനമായ ഹരിയാനയിലെ റോത്തക്കിലുള്ള ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) നിയമ പഠന മേഖലയില്‍ നടത്തുന്ന സവിശേഷമായ പ്രോഗ്രാമായ അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ലോ (ഐപിഎല്‍) കോഴ്‌സിന് മേയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിബിഎഎല്‍എല്‍ബി ബിരുദം ലഭിക്കുന്നതായിരിക്കും. 60 ശതമാനം മാര്‍ക്കോടെ +2 വിജയിച്ചവര്‍ക്കും 2022 പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. https://www.iimrohtak.ac.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രത്യേകം പ്രവേശന പരീക്ഷയില്ലെങ്കിലും ദേശീയ നിയമ സര്‍വകലാശാലകളിലേക്കുള്ള എന്‍ട്രന്‍സ് ആയ ‘ക്ലാറ്റ്’ യോഗ്യത നേടണം. ‘ക്ലാറ്റ്’ പരീക്ഷക്ക് https://consortiumofnlus.ac.in/ എന്ന വെബ്‌സൈറ്റ് വഴി മേയ് 9 വരെയാണ് അപേക്ഷിക്കാനവസരമുള്ളത് എന്നതോര്‍ക്കുക. ‘ക്ലാറ്റ്’ പരീക്ഷയിലെ സ്‌കോറിനൊപ്പം വ്യക്തിഗത അഭിമുഖത്തിലെ പ്രകടനം, 10, 12 ക്ലാസ്സുകളിലെ മാര്‍ക്ക് എന്നിവയും പരിഗണിക്കുന്നതായിരിക്കും.

Test User: