പി.കെ.അൻവർ മുട്ടാഞ്ചേരി
കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ 2024-25 വർഷത്തിലെ ബിഎസ്സി നഴ്സിംഗ്,പാരാമെഡിക്കൽ ബിരുദ പ്രോഗ്രാമുകളുടെ അപേക്ഷ ക്ഷണിച്ചു.
.അലോട്ട്മെൻറ് പ്രക്രിയ നടത്തുന്നത് എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ്.
പ്രത്യേക പ്രവേശന പരീക്ഷയില്ല.പ്ലസ് ടു രണ്ടാം വർഷ പരീക്ഷയിൽ നിർദ്ദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കുകൾ തുല്യപ്പെടുത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തുന്നത്.പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനവും പ്ലസ് ടു മാർക്കടിസ്ഥാനത്തിൽ എൽ.ബി.എസ് സെൻ്റർ തന്നെയാണ് നടത്തുന്നത്.നോട്ടിഫിക്കേഷൻ ഉടൻ പ്രതീക്ഷിക്കാം.
12 ബിരുദ പ്രോഗ്രാമുകൾ
ബി.എസ് സി നേഴ്സിങ് (4 വർഷം ,സർക്കാർ കോളേജിൽ പഠിക്കുന്നവർക്ക് ഒരു വർഷം ഇൻ്റേൺഷിപ്പ് ) ബി.എസ് സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി – 4 വർഷം), ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി (3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്), ബി.എസ് സി ഒപ്റ്റോമെട്രി (3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്) , ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി ( ബി.പി.ടി – 4 വർഷം, 6 മാസം ഇൻ്റേൺഷിപ്പ്),
ബാച്ച്ലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി – 4 വർഷം, 6 മാസം ഇൻ്റേൺഷിപ്പ്)), ബാച്ച്ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ( ബി.എ.എസ്.എൽ.പി – 3 വർഷം, 10 മാസം ഇൻ്റേൺഷിപ്പ് ) , ബാച്ച്ലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി ( ബി.സി.വി.ടി – 3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്), ബി.എസ്.സി ഡയാലിസിസ് ടെക്നോളജി (3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്)
ബാച്ച്ലർ ഓഫ് മെഡിക്കൽ ഇമേജിംഗ് ടെക്നോളജി (3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്), ബാച്ച്ലർ ഓഫ് റേഡിയോ തെറാപ്പി ടെക്നോളജി ( 3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്), ബാച്ച്ലർ ഓഫ് ന്യൂറോ ടെക്നോളജി ( 3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്).
പ്രവേശന യോഗ്യത
ബി.എ.എസ്.എൽ.പി ഒഴികെയുള്ള കോഴ്സുകളുടെ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ ഫിസിക്സ്,കെമിസ്ട്രി ,ബയോളജി വിഷയങ്ങൾ ഓരോന്നും ജയിക്കുകയും മുന്നിനും കൂടെ മൊത്തത്തിൽ 50 ശതമാനം മാർക്ക് ലഭിക്കുകയും വേണം.ബി.എ.എസ്.എൽ.പി കോഴ്സിന് ഫിസിക്സ്,കെമിസ്ട്രി എന്നിവക്കൊപ്പം ബയോളജി/ മാത്തമാറ്റിക്സ് / കമ്പ്യൂട്ടർ സയൻസ് /സ്റ്റാറ്റിസ്റ്റിക്സ് / ഇലക്ട്രോണിക്സ് /സൈക്കോളജിയിൽ മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടി വിജയിച്ചിരിക്കണം.
ഹയർസെക്കൻഡറിയിൽ രണ്ടുവർഷവും ബോർഡ് പരീക്ഷയുണ്ടെങ്കിൽ രണ്ടിൻ്റെയും മാർക്കുകളുടെ തുകയാണ് പ്രവേശന യോഗ്യതക്ക് പരിഗണിക്കുക. എന്നാൽ ബോർഡ് പരീക്ഷ രണ്ടാം വർഷം മാത്രമാണെങ്കിൽ അതിൻ്റെ മാർക്കാണ് പരിഗണിക്കുക.നോൺ ക്രിമിലെയർ പരിധിയിൽപ്പെട്ട പിന്നോക്ക വിഭാഗത്തിലെ
വിദ്യാർത്ഥികൾക്ക് 45 ശതമാനം മാർക്ക് മതി. ഒ.ഇ.സി,ഭിന്നശേഷി വിഭാഗക്കാർക്കും 45% മതി. പട്ടിക വിഭാഗക്കാർക്ക് പരീക്ഷ ജയിച്ചാൽ മതി. ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാകണം. ബി.എസ്സി നേഴ്സിംഗിൻ്റെ ഉയർന്ന പ്രായപരിധി 35 ആണ്.
അപേക്ഷ
എൽ.ബി.എസ് സെൻറർ വഴിയാണ് (www.lbscentre.kerala.gov.in ) അപേക്ഷിക്കേണ്ടത്.
വിവിധ കോഴ്സുകൾക്ക് ഒരൊറ്റ അപേക്ഷ നൽകിയാൽ മതി. 800 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാർക്ക് 400 രൂപ മതി.സർവീസ് കോട്ടയിലെ അപേക്ഷകർക്കും 800 രൂപയാണ് ഫീസ്. ജൂൺ 12നകം ഫീസടക്കണം. അപേക്ഷ ജൂൺ 15 വരെ സമർപ്പിക്കാം.
രണ്ട് റാങ്ക് ലിസ്റ്റുകൾ
ബി.എ.എസ്.എൽ.പി ക്ക് പ്രത്യേക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നഴ്സിംഗ് അടക്കം
മറ്റു 11 കോഴ്സുകൾക്ക് ഒന്നിച്ച് മറ്റൊരു റാങ്ക് ലിസ്റ്റും. റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ച ശേഷം താൽപര്യമുള്ള ഒപ്ഷനുകൾ വെബ് സൈറ്റ് വഴി നൽകണം. ഏകജാലക സംവിധാനം വഴി എൽ.ബി.എസ് സെൻ്റർ അലോട്ട്മെൻറ് നടത്തും .സ്വാശ്രയ സ്ഥാപനങ്ങളിലെ മാനേജ്മെൻ്റ് സീറ്റുകളിലെ പ്രവേശനം മെറിറ്റടിസ്ഥാനത്തിൽ അതത് സ്ഥാപനങ്ങൾ നേരിട്ടാണ് നടത്തുന്നത്. വിശദാംശങ്ങൾ lbscentre.kerala.gov.in ൽ ലഭ്യമാണ്.