കേടുപാടുകളുള്ള ഫോണുകള്‍ നന്നാക്കി (റീഫര്‍ബിഷ്) കുറഞ്ഞ വിലക്ക് വിപണിയിയിലെത്തിക്കുന്ന പദ്ധതി ആപ്പിള്‍ നേരിട്ട് ആരംഭിച്ചു. നേരത്തെ, ഇബേ പോലുള്ള ഓണ്‍ലൈന്‍ റീടെയ്‌ലേഴ്‌സ് മാത്രമാണ് ആപ്പിളിന്റെ ‘റീഫര്‍ബിഷ്ഡ്’ ഫോണുകള്‍ വിറ്റിരുന്നത്.
ഒറിജിനല്‍ വിലയുടെ 15 ശതമാനം ഡിസ്‌കൗണ്ട് നല്‍കിയാവും ആപ്പിള്‍ റീഫര്‍ബിഷ്ഡ് ഫോണുകള്‍ വില്‍ക്കുക. അധികം ഉപയോഗിക്കാത്തതും നിര്‍മാണ ഘട്ടത്തില്‍ തന്നെ കുഴപ്പങ്ങള്‍ കണ്ടെത്തിയതുമായ ഫോണുകളാണ് നന്നാക്കി വില്‍ക്കുന്നത്. ബാറ്ററി, പുറംചട്ട എന്നിവ പൂര്‍ണമായി മാറ്റുന്നതിനാല്‍ പുതിയതിനു സമാനമായിരിക്കും ഈ ഫോണുകള്‍.
നിലവില്‍ അമേരിക്കയിലാണ് റീഫര്‍ബിഷ്ഡ് വില്‍പന ആരംഭിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഔദ്യോഗിക സ്‌റ്റോറുകള്‍ വഴി വില്‍ക്കുന്ന ഇവക്ക് ഒരു വര്‍ഷം വാറണ്ടി ഉണ്ടായിരിക്കും. ഐഫോണ്‍ 6 എസ് 16 ജി.ബി മോഡലിന് 449 ഡോളര്‍ (30,000), 64 ജി.ബി 6എസ്, 16 ജി.ബി 6 എസ് പ്ലസ് മോഡലുകള്‍ക്ക് 589 ഡോളര്‍ (40,000 രൂപ) എന്നിങ്ങനെയാണ് വില. റോസ് ഗോള്‍ഡ്, സ്‌പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാവും.
അധികം വൈകാതെ ഇന്ത്യയിലും റീഫര്‍ബിഷ്ഡ് ഫോണുകളുടെ വില്‍പന ആപ്പിള്‍ തുടങ്ങുമെന്നാണ് സൂചന. ആഭ്യന്തര വിപണിയില്‍ ചുവടുറപ്പിച്ച ആപ്പിളിന്റെ ഔദ്യോഗിക റീഫര്‍ബിഷ്ഡ് ഫോണിന് ആവശ്യക്കാരേറെയുണ്ടാകും.
ഇന്ത്യയില്‍ നിലവില്‍ ഇബേയില്‍ (ebay.in) ആപ്പിള്‍ റീഫര്‍ബിഷ്ഡ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഐഫോണ്‍ 5 സി (16 ജിബി) 13299 രൂപയും 6 എസ് (16 ജിബി) 11 മാസം വാറണ്ടി സഹിതം 38799 രൂപയും വാറണ്ടിയില്ലാത്ത 27990 രൂപയുമാണ് വില.