X
    Categories: tech

ഐഫോണ്‍ 12 ന്റെ ഇന്ത്യയിലെ വില 79,900; ഒരു ഫോണ്‍ വിറ്റാല്‍ കമ്പനി ഉണ്ടാക്കുന്ന ലാഭം ഞെട്ടിക്കുന്നത്!

ആപ്പിളിന്റെ ഈ വര്‍ഷത്തെ സ്മാര്‍ട് ഫോണ്‍ സീരീസായ ഐഫോണ്‍ 12ലെ രണ്ടു മോഡലുകളുടെ നിര്‍മാണച്ചിലവ് കണക്കു കൂട്ടിയെടുത്തിരിക്കുകയാണ് ജാപ്പനീസ് ടിയര്‍ഡൗണ്‍ വിദഗ്ധരായ ഫോമല്‍ഹൗട്ട് ടെക്നോ സൊലൂഷന്‍സ്. ഐഫോണ്‍ 12, 12 പ്രോ എന്നീ മോഡലുകള്‍ക്ക് കമ്പനി ചെലവിട്ട തുകയാണ് കണക്കു കൂട്ടിയെടുത്തിരിക്കുന്നത്. ഐഫോണ്‍ 12 തുടക്ക വേരിയന്റിന് 699 ഡോളറും (ഇന്ത്യയിലെ വില 79,900 രൂപ) പ്രോ തുടക്ക വേരിയന്റിന് 999 ഡോളറുമാണ് ആപ്പിള്‍ ഇട്ടിരിക്കുന്ന വില. ഐഫോണ്‍ 12ന്റെ ബില്‍ മെറ്റീരിയല്‍സിന് 373 ഡോളറാണ് വന്നിരിക്കുന്നതെന്നാണ് അവകാശവാദം. അതേസമയം പ്രോ മോഡലിന്‍ 406 ഡോളറും ആപ്പിള്‍ ചെലവിട്ടിരിക്കാം.

അതായത്, ഐഫോണ്‍ 12ല്‍ നിന്ന് 326 ഡോളറും (ഏകദേശം 24,000 രൂപ), 12 പ്രോയില്‍ നിന്ന് 593 ഡോളറും (ഏകദേശം 43,700 രൂപ) ലാഭമായി ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതു മുഴുവന്‍ ആപ്പിളിന്റെ പെട്ടിയില്‍ വീഴില്ല. ഇതില്‍ കുറേ പണം മാര്‍ക്കറ്റിങ്ങിനും, എത്തിച്ചുകൊടുക്കാനും, ടാക്സ് ഇനത്തിലും, സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തിലും ചെലവാകുമത്രെ.

ആപ്പിള്‍ ഏറ്റവുമധികം പണം നല്‍കിയിരിക്കുന്നത് ക്വാല്‍കമിന്റെ എക്സ്55 5ജി മോഡത്തിനാണ്- 90 ഡോളര്‍. സാംസങ്ങിന്റെ ഡിസ്പ്ലെയ്ക്ക് 70 ഡോളറും നല്‍കുന്നു. അതേസമയം, ആപ്പിളിന്റെ സ്വന്തം എ14 ബയോണിക് പ്രോസസറിന്റെ നിര്‍മാണച്ചിലവ് 40 ഡോളറിലൊതുങ്ങുമെന്നും പറയുന്നു. റാമിന് 12.8 ഡോളര്‍ ചെലവിടുമ്പോള്‍, ഫ്ളാഷ് മെമ്മറിക്ക് 19.2 ഡോളര്‍ ചെലവു വരുന്നു. സോണിയുടെ ക്യാമറയ്ക്ക് ഏകദേശം 7.4 ഡോളര്‍ മുതല്‍ 7.9 ഡോളര്‍ വരെ ഓരോ യൂണിറ്റിനും ചെലവിടുന്നു. ഐഫോണ്‍ 12 പ്രോയുടെ 26.8 ശതമാനം ഭാഗങ്ങളും ദക്ഷിണ കൊറിയയില്‍ നിന്നാണ്. 21.9 ശതമാനം അമേരിക്കിയില്‍ നിന്നും, 13.6 ശതമാനം ജപ്പാനില്‍ നിന്നും, 11.1 ശതമാനം തയ്വാനില്‍ നിന്നും, 4.6 ചൈനയില്‍ നിന്നും, ബാക്കി യൂറോപ്പ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുമാണത്രെ.

 

Test User: