കൊറോണ വൈറസ് മഹാമാരി കാരണം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും ബിസിനസുകള്‍ക്കും നഷ്ടം നേരിടുന്നുണ്ടെങ്കിലും ടെസ്‌ല, ആപ്പിള്‍ തുടങ്ങിയ ചില ടെക് കമ്പനികള്‍ മികച്ച മുന്നേറ്റമാണ് നടത്തിയിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 4 ന് ആപ്പിളിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഒരു ദിവസം 180 ബില്യണ്‍ ഡോളര്‍ (ഏകദേശം 1,323,459 കോടി രൂപ) ഇടിഞ്ഞു.
ധനകാര്യ പ്രസിദ്ധീകരണം ബാരണിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത് ഒരു കമ്പനി ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ ഏകദിന നഷ്ടമാണ്. ഏറ്റവും മോശമായ കാര്യം, അടുത്ത ദിവസം തന്നെ ആപ്പിളിന്റെ ഓഹരികള്‍ അഞ്ച് ശതമാനത്തോളം ഇടിഞ്ഞു എന്നതാണ്. ഇതോടെ 2 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയെന്ന പേരും ആപ്പിളിനു നഷ്ടപ്പെട്ടു.
ഇതിനു മുന്‍പ് 2008 ല്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗനാണ് ഒരു ദിവസം ഇത്രയും വലിയ നഷ്ടം സംഭവിച്ചത്. അന്ന് 153 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഫോക്‌സ്‌വാഗന് നഷ്ടപ്പെട്ടത്. എന്നാല്‍ ആപ്പിളിന്റെ ഇപ്പോഴത്തെ ഇടിവിന് കാരണം ഓഹരികള്‍ ഗണ്യമായി വില്‍ക്കുന്നതാണ്. എന്നാല്‍, ഇതൊരു വലിയ പ്രതിസന്ധിയൊന്നുമല്ല. ഇപ്പോള്‍ പോലും ആപ്പിളിന്റെ ഓഹരി വില മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഇരട്ടിയാണ്.
ലോകമെമ്പാടുമുള്ള ബിസിനസുകള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വരുമ്പോഴും ആപ്പിള്‍ ഈ വര്‍ഷം സുഗമമായി പ്രവര്‍ത്തിക്കുന്നു. കോവിഡ്19 മഹാമാരി കാരണം ആപ്പിള്‍ സ്‌റ്റോറുകള്‍ അടച്ചുപൂട്ടിയപ്പോഴും, മൂന്നാം പാദ വരുമാനത്തില്‍ 59.7 ബില്യണ്‍ ഡോളര്‍ വരുമാനത്തില്‍ അതിശയകരമായ നേട്ടം കൈവരിച്ചു.