X

ആര്‍.എസ്.എസ് വേദി; അരുണന്‍ എം.എല്‍.എക്ക് എതിരെ നടപടിക്ക് സി.പി.എം തീരുമാനം

തിരുവനന്തപുരം: ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു. അരുണനെതിരേ നടപടിയെടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. എന്ത് നടപടി വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം തൃശൂര്‍ ജില്ലാക്കമ്മിറ്റിക്ക് സെക്രട്ടറിയേറ്റ് നല്‍കി. അരുണന്റെ നടപടിയെ സെക്രട്ടറ്റിയേറ്റിലെ എല്ലാ അംഗങ്ങളും വിമര്‍ശിച്ചു. എം.എല്‍.എയുടെ നടപടി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഉചിത നടപടി വേണമെന്നും ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. അരുണന്റെ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി തള്ളിയപ്പോള്‍ തന്നെ നടപടി ഏതാണ്ട് ഉറപ്പായിരുന്നു. ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചറിയിച്ച പരിപാടിയായതിനാലാണു പങ്കെടുത്തതുമെന്ന എം.എല്‍.എയുടെ വിശദീകരണവും പാര്‍ട്ടി മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ആര്‍.എസ്.എസിന്റെ തൃശൂര്‍ ഊരകം ശാഖ തിങ്കളാഴ്ച സംഘടിപ്പിച്ച പുസ്തക വിതരണത്തിലാണ് ഉദ്ഘാടകനായി സി.പി.എം എം.എല്‍.എ എത്തിയത്. ആര്‍.എസ്.എസ് സേവാ പ്രമുഖ് ആയിരുന്ന പി.എസ്. ഷൈനിന്റെ സ്മരാണാര്‍ഥമുള്ള ചടങ്ങാണ് പുസ്തക വിതരണം നടത്തിയും വിദ്യാര്‍ത്ഥികളെ അനുമോദിച്ചും സി.പി.എമ്മിന്റെ പുതുമുഖ എം.എല്‍.എയായ അരുണന്‍ ഉദ്ഘാടനം ചെയ്തത്. ആര്‍.എസ്.എസ് താലൂക്ക് കാര്യദര്‍ശിയടക്കമുള്ള നേതാക്കള്‍ക്കൊപ്പം വേദിയും പങ്കിട്ടിരുന്നു.

chandrika: