ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈറിനെ ‘ജിഹാദി’ എന്നുവിളിച്ച് അധിക്ഷേപിച്ചയാൾ മാപ്പ് പറയണമെന്ന് ഡൽഹി ഹൈക്കോടതി. എക്സിലെഴുതിയ കമന്റിലൂടെയായിരുന്നു ജഗദീഷ് സിങ് എന്നയാൾ സുബൈറിനെ അധിക്ഷേപിച്ചത്. ഇതിൽ, രണ്ട് മാസത്തിനുള്ളിൽ എക്സിലൂടെ തന്നെ പരസ്യമായി മാപ്പ് പറയണമെന്ന് ജസ്റ്റിസ് അനൂപ് ജയ്റാം ഭംഭാനി നിർദേശിച്ചു.
‘ഒരു ജിഹാദി എപ്പോഴും ജിഹാദി തന്നെയാണ്’- എന്നായിരുന്നു ജഗദീഷ് സിങ്ങിന്റെ കമന്റ്. ഈ വിദ്വേഷ കമന്റ് ക്ഷമാപണ ട്വീറ്റിൽ പരാമർശിക്കണമെന്ന് കോടതി പറഞ്ഞു. ‘മുഹമ്മദ് സുബൈറിനെ വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ഉള്ള ദുരുദ്ദേശ്യത്തോടെയോ ഉദ്ദേശത്തോടെയോ ചെയ്തതല്ല. മുകളിൽ പറഞ്ഞ അഭിപ്രായത്തിൽ ഞാൻ ഖേദിക്കുന്നു’- എന്നായിരിക്കണം ക്ഷമാപണ ട്വീറ്റെന്നും കോടതി വ്യക്തമാക്കി.
ജഗദീഷ് സിങ്ങിന്റെ മറ്റു ചില പോസ്റ്റുകളും വിസ്താരത്തിനിടെ പരിശോധിച്ച ജസ്റ്റിസ് ഭംഭാനി ഇത്തരക്കാരെ സോഷ്യൽമീഡിയയിൽ നിന്ന് തടയണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സിങ് നടത്തിയ ക്ഷമാപണ ട്വീറ്റ് നേരിട്ടോ അല്ലാതെയോ റീട്വീറ്റ് ചെയ്യരുതെന്ന് കോടതി സുബൈറിനോട് നിർദേശിച്ചു. സിങ്ങിനെതിരായ സിവിലോ ക്രിമിനലോ ആയ നടപടികൾക്ക് സുബൈറിന് ഈ മാപ്പ് ഉപയോഗിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
ജഗദീഷ് സിങ്ങിന്റെ അധിക്ഷേപത്തിനു പിന്നാലെ, ഇയാൾക്കെതിരായ ഒരു ട്വീറ്റിന്റെ പേരിൽ തനിക്കെതിരെ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുബൈർ ഹൈക്കോടതിയെ സമീപിച്ചത്. ‘ഹലോ ജഗദീഷ് സിങ്. സോഷ്യൽമീഡിയയിൽ ആളുകളെ അധിക്ഷേപിക്കുന്ന നിങ്ങളുടെ പാർട്ട് ടൈം ജോലിയെക്കുറിച്ച് നിങ്ങളുടെ കൊച്ചുമകൾക്ക് അറിയാമോ? നിങ്ങളുടെ പ്രൊഫൈൽ ചിത്രം മാറ്റാൻ ഞാൻ നിർദേശിക്കുന്നു’- എന്നായിരുന്നു പേരക്കുട്ടിക്കൊപ്പം ഇരിക്കുന്ന ഇയാളുടെ ഡി.പി പങ്കുവച്ചുള്ള സുബൈറിന്റെ ട്വീറ്റ്.
ഇതിൽ സുബൈറിനെതിരെ പോക്സോ നിയമത്തിലെയും ഐ.ടി ആക്ടിലേയും വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. എന്നാൽ, ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചതോടെ, സുബൈറിനെതിരെ ക്രിമിനൽ കുറ്റം കണ്ടെത്താത്തതിനാൽ കുറ്റപത്രത്തിൽ അദ്ദേഹത്തിൻ്റെ പേര് ചേർത്തിട്ടില്ലെന്ന് പൊലീസ് പിന്നീട് സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ഇതോടെ, സുബൈറിനെതിരെ വിദ്വേഷ പരാമർശം നടത്തിയ ജഗദീഷ് സിങ്ങിനെതിരെ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസിനെ ഹൈക്കോടതി വിമർശിച്ചു.
ഇതോടെ സിങ്ങിനെ ന്യായീകരിച്ച പൊലീസ്, അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താനാവുന്ന ഒന്നും കണ്ടിട്ടില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. സിങ്ങിൻ്റെ ട്വീറ്റ് പൊതുജനങ്ങളിൽ ഭയമോ ആശങ്കയോ ഉണ്ടാക്കുന്നില്ലെന്നും അതിനാലാണ് കേസൊന്നും രജിസ്റ്റർ ചെയ്യാതിരുന്നത് എന്നുമായിരുന്നു പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലെ വാദം.