ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം വീണ്ടും കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയആയുധമാക്കി രംഗത്തെത്തിയ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളി രംഗത്തെത്തിയ തരൂര്‍, കോണ്‍ഗ്രസ് എന്തിനൊക്കെയാണ് മാപ്പ് പറയേണ്ടതെന്ന് തിരിച്ചു ചോദിച്ചു. വിഷയം പ്രധാനമന്ത്രി മോദി കൂടി ഉന്നയിച്ചിരിക്കെ ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമര്‍ശനം.
മാപ്പ് പറയേണ്ട എന്തു കാര്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളതെന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോഴുമെന്ന, പരിഹാസ ചോദ്യവുമായാണ് തരൂര്‍ രംഗത്തെത്തിയത്. രാജ്യത്ത് ബിജെപി ചെയ്തു വെച്ച പ്രശ്‌നങ്ങളെ തുറന്നുകാട്ടിയായിരുന്നു തരൂരിന്റെ ട്വീറ്റ്.
‘മാപ്പ് പറയേണ്ട എന്തു കാര്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളതെന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോഴും. നമ്മുടെ പട്ടാളക്കാരെ കേന്ദ്രം സംരക്ഷിക്കുമെന്ന് കരുതിയതിനോ? അതോ ഒരു ദേശീയ ദുരന്തത്തെ രാഷ്ട്രീയ വത്കരിക്കാതെ ഇന്ത്യയുടെ കൊടിക്കീഴില്‍ അണിനിരന്നതിനാണോ? അതോ രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചതിനോ? എന്തിനാണ് മാപ്പ് പറയേണ്ടത്?,’ തരൂര്‍ ചോദിച്ചു.
പുല്‍വാമ ദുരന്തത്തെക്കുറിച്ചുള്ളതടക്കം രാജ്യത്തുയരുന്ന പല സുപ്രധാന ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനുള്ള ഔദ്യോഗിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെ്ന്നും, തരൂര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്റെ വഞ്ചന ഒരു വാര്‍ത്തയല്ലെന്നും എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ സത്യസന്ധമായ വിശദീകരണങ്ങള്‍ നല്‍കുന്നത് തീര്‍ച്ചയായും വാര്‍ത്തയാകുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
ഹിന്ദു ഇന്ത്യയില്‍ വരാന്‍ സംഭവിക്കുന്ന സംഘി ഹിന്ദുത്വ രാഷ്ട്രത്തിന്റെ അപകടകങ്ങളെ തുറന്നുകാട്ടുന്ന തന്റെ പുതിയ പുസ്തകമായ ‘ദി ബാറ്റില്‍ ഓഫ് ബെലോംഗ്, പുറത്തിറങ്ങിയിരിക്കെയാണ് തരൂരിന്റെ രൂക്ഷ പരാമര്‍ശം.
നേരത്ത, പുല്‍വാമ ആക്രമണത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഗുജറാത്തില്‍ സബര്‍മതി നദീതീരത്ത് സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് സംസാരിച്ചത്. പുല്‍വാമയില്‍ സുരക്ഷാ ഭടന്മാരുടെ ജീവത്യാഗത്തില്‍ ചിലര്‍ക്കു ദുഃഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് മോദി പറഞ്ഞു.
പുല്‍വാമ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന പാകിസ്താന്‍ മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണം മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തോട് മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.