ദുബായ്: ഇന്ത്യയിലെ പ്രഥമ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ശൃംഖയായ അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പിന്റെ ഭാഗമായ അപ്പോളോ ക്‌ളിനിക് ദുബായില്‍ ആദ്യ സമഗ്ര ആരോഗ്യ മാനേജ്‌മെന്റ് പ്രോഗ്രാമായ ‘പ്രോ ഹെല്‍ത്ത്’ ആരംഭിച്ചു.
ഓരോ വ്യക്തിയുടെയും ആരോഗ്യ അപകട സാധ്യത വിലയിരുത്തല്‍ (പിഎച്ച്ആര്‍എ) ഉള്‍ക്കൊള്ളുന്ന, നിര്‍മിത ബുദ്ധി വഴി പ്രവര്‍ത്തനക്ഷമമാകുന്ന പ്രോ ഹെല്‍ത്ത് ദുബായിലെ ആദ്യ സമഗ്ര മാനേജ്‌മെന്റ് പ്രോഗ്രാമാണെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സംഗീത റെഡ്ഡി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദശകങ്ങളായി അപ്പോളോ നടത്തിയ 20 ദശലക്ഷത്തിലധികം ഹെല്‍ത്ത് ചെക്കപ്പുകളെയും രോഗീ പരിചരണ അനുഭവങ്ങളെയും അടിസ്ഥാനമാക്കി വ്യക്തികള്‍ക്ക് ആരോഗ്യപൂര്‍ണമായ ജീവിതം ലക്ഷ്യമിട്ട് പ്രത്യേകമായി തയാറാക്കിയതാണീ പ്രോഗ്രാം. ഓരോ വ്യക്തിക്കും അവരുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ഹെല്‍ത്ത് മെന്ററെ ലഭിക്കുന്ന പ്രോ ഹെല്‍ത്ത്, സാങ്കേതിക വിദ്യയും മാനുഷിക ഘടകങ്ങളും വഴിയാണ് സാധ്യമാക്കിയിരിക്കുന്നത്.
അതിലൂടെ മെച്ചപ്പെട്ട ആരോഗ്യവും സന്തോഷവും വ്യക്തികള്‍ക്ക് ലഭിക്കുന്നു. പ്രഥമ ‘വ്യക്തിഗത പ്രിവന്റീവ് ഹെല്‍ത്ത് ചെക്കപ്’ അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ് നാലു ദശകങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ ആരംഭിച്ചതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ പുതിയ മാനങ്ങള്‍ തീര്‍ക്കാന്‍ ലോകത്തിലെ ഏറ്റവും ശക്തമായ ആരോഗ്യ മാനേജ്‌മെന്റ് പ്രോഗ്രാമായാണ് ഇത് ദുബായില്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ഡോ. സംഗീത റെഡ്ഡി വ്യക്തമാക്കി.
സാംക്രമികമല്ലാത്ത (എന്‍സിഡി) രോഗങ്ങളാലുള്ള 80% മരണങ്ങളും തടയാന്‍ കഴിയുന്നതാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാല്‍, അത്തരം മരണങ്ങള്‍ ഇല്ലാതാക്കാന്‍ അപ്പോളോ പ്രോ ഹെല്‍ത്ത് പ്രോഗ്രാം സഹായിക്കുന്നുവെന്നും അവര്‍ അവകാശപ്പെട്ടു. പ്രവചിക്കുക, തടയുക, മറികടക്കുക എന്നീ മൂന്ന് തത്ത്വങ്ങളിലാണ് അപ്പോളോ പ്രോ ഹെല്‍ത്ത് രൂപകല്‍പന ചെയ്തിരിക്കുന്നത്. 20 ദശലക്ഷത്തിലധികം ആരോഗ്യ പരിശോധനകളില്‍ നിന്നുമുള്ള പഠനത്തിലൂടെയാണ് അപകട സാധ്യത വിലയിരുത്താന്‍ എഐ ഉപയോഗിക്കുന്നത്.
എഐ മുഖേനയുള്ള പിഎച്ച്ആര്‍എ ഒരു സമര്‍പ്പിത ആരോഗ്യ ഉപദേഷ്ടാവായി വര്‍ത്തിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യപൂര്‍ണമായ സന്തുഷ്ട ജീവിതത്തിന് അപ്പോളോ പ്രോ ഹെല്‍ത്ത് സമഗ്രമായ സഹായക ഘടകമാണെന്ന് കെഫ് ഹോള്‍ഡിംഗ്‌സ് സ്ഥാപക ചെയര്‍മാന്‍ ഫൈസല്‍ കോട്ടികൊള്ളോന്‍ അഭിപ്രായപ്പെട്ടു.
അപ്പോളോയുടെ പ്രോ ഹെല്‍ത്ത് ശരിയായ ദിശയിലുള്ള ചുവടുവെപ്പാണെന്നും, ജീവിത ശൈലി മെച്ചപ്പെടുത്താന്‍ സമൂഹങ്ങളെ ഈ പ്രോഗ്രാം സഹായിക്കുമെന്നും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു.
ദുബായ് പൊലീസിലെ സീനിയര്‍ ഓഫീസര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഫലാസി, അപ്പോളോ ദുബായ് ക്‌ളിനിക് ജനറല്‍ മാനേജര്‍ മുബീന്‍ വീട്ടില്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.