മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ ശ്രീധരന്‍പിള്ളയെ പ്രശംസിച്ചതില്‍ പ്രതിഷേധം. കഴിഞ്ഞദിവസം പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രശംസ ഉണ്ടായത്. ശ്രീധരന്‍പിളള മനുഷ്യപക്ഷം ചേര്‍ന്നുനില്‍ക്കുന്ന ബഹുമുഖപ്രതിഭയാണെന്നായിരുന്നു പിണറായിയുടെ പ്രസ്താവന. അതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.
സി.എന്‍ ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
നവ ഫാസിസത്തിന്റെ വക്താക്കളെ നിഷ്പക്ഷമായി വാഴ്ത്തിപ്പാടരുത്. സാംസ്‌കാരിക ബഹുസ്വരതയാണ് പി എസ് ശ്രീധരന്‍ പിള്ള മുന്നോട്ടു വെയ്ക്കുന്നത് എന്ന് അദ്ദേഹത്തിന്റെ പുസ്തക പ്രകാശന വേളയില്‍ പിണറായി വിജയന്‍ പറയുന്നതിന്റെ അപകടം വലുതാണ്… ശ്രീധരന്‍ ഗവര്‍ണര്‍ ആകുന്നത് നവ ഫാസിസ്റ്റ് ഭരണകൂട നോമിനി എന്ന നിലയ്ക്കാണ്. എന്തു ബഹുസ്വരതയാണ് ഈ ഹിന്ദുത്വപ്രതിനിധിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?
തന്റെ കൃതികളിലൂടെയും പരസ്യമായും മാര്‍ക്‌സിസം കാലഹരണപ്പെട്ടു എന്ന നിലപാടാണ് ശ്രീധരന്‍ പിള്ള മുന്നോട്ടു വെച്ചിട്ടുള്ളത്. മുസ്ലീങ്ങളാവുമ്പോള്‍ വസ്ത്രങ്ങള്‍ മാറ്റി നോക്കണമെന്ന മട്ടിലുള്ള ഇസ്ലാമികവിരുദ്ധതയും ശ്രീധരന്‍ പിള്ള പ്രകടിപ്പിച്ചിട്ടുണ്ട്. ഹിന്ദു രാഷ്ട്രത്തില്‍ ശ്രീധരന്‍ പിള്ളയുടേത് പോലുള്ള സൃഷ്ടികളേ അനുവദിക്കപ്പെടൂ എന്നതും ഓര്‍ക്കുന്നത് നല്ലതാണ്.’
ഒരു സാധാരണ വായനക്കാരന്‍ മാത്രമായ എനിക്ക് സാഹിത്യത്തില്‍ വലിയ ജ്ഞാനമൊന്നുമില്ല. ചിലത് മനുഷ്യപക്ഷമാണെന്നും ചിലത് അല്ലെന്നുമൊക്കെ മനസിലാകുന്നത് ഇതുപോലെ അഗാധജ്ഞാനികളായ നിരൂപകര്‍ പറഞ്ഞുതരുമ്പോഴാണ്. സംഘ്പരിവാര്‍ കാഴ്ചപ്പാട് മനുഷ്യപക്ഷത്താണെങ്കില്‍ അതൊരു വിലപ്പെട്ട അറിവ് തന്നെയാണ്.- വി.അബ്ദുല്‍മജീദ് കുറിച്ചു.