ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ദേശീയ ആസ്ഥാനത്ത് വെച്ച്പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ ജെ.പി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അതേസമയം മോദി ഭരണത്തില്‍ മുസ്ലിംങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ അബ്ദുള്ളക്കുട്ടി നിശബ്ദനായി.
എന്നാല്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ തുടര്‍ന്നുള്ള ചോദ്യങ്ങളോട് മുസ്ലീങ്ങള്‍ക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ് അബ്ദുള്ളക്കുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരാന്‍ മോദി ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടിരുന്നു.