ന്യൂഡല്‍ഹി: ദേശീയതയെ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന വാഗ്വാദങ്ങള്‍ക്കിടെ അപകടകരമായ രീതിയിലുള്ള അമിതമായ ദേശീയതയെക്കുറിച്ച് വിമര്‍ശനവുമായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഏ.പി ഷാ രംഗത്ത്. രാഷ്ട്രീയ നിരീക്ഷകന്‍ എം.എന്‍ റോയുടെ അനുസ്മരണ ചടങ്ങിലാണ് വര്‍ത്തമാനകാലത്തെ അടിച്ചേല്‍പ്പിക്കുന്ന ദേശീയതെക്കുറിച്ച് ഷാ പ്രതിപാദിക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തില്‍ സമീപകാലത്ത് വ്യക്തികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ദേശദ്രോഹക്കുറ്റത്തെ അദ്ദേഹം വിമര്‍ശിക്കുന്നു.
ഇന്ന് ദേശീയത ഓരോ വ്യക്തികളുടേയും മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. തിയ്യേറ്ററുകളില്‍ ദേശീയഗാനം ചൊല്ലേണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഷാ തന്റെ നിലപാട് ഉച്ചത്തില്‍ പറയുന്നുണ്ട്. തിയ്യേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ അദ്ദേഹം വിമര്‍ശിച്ചു. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തോടൊപ്പം എന്ത് പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത്തരത്തില്‍ പുറപ്പെടുവിക്കുന്ന കോടതിവിധികള്‍ വ്യക്തികളുടെ മൗലികാവകാശങ്ങളെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ എന്ത് കഴിക്കണം, കഴിക്കരുത് എന്ന് നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ആര്‍എസ്.എസ് നേതാവ് മോഹന്‍ഭാഗവതിന്റെ ഗോവധത്തിനെതിരെയുള്ള നിലപാടിനേയും ഷാ വിമര്‍ശിച്ചു. വ്യത്യസ്ഥമായ ജീവിത സവിശേഷകളാണ് രാജ്യത്തിന്റെ പ്രത്യേകതയെന്നും കേരളത്തില്‍ ബീഫെന്നത് അവരുടെ ഭക്ഷണത്തിന്റെ ഒരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
എം.എന്‍ റോയ് ഫാസിസത്തെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തുന്ന രീതിക്കെതിരെ പ്രതികരിച്ചു. നിര്‍ഭാഗ്യവശാല്‍ നമുക്ക് അറിവ് പകര്‍ന്നു തരുന്ന സ്ഥാപനങ്ങളില്‍ ഇന്ന് നടക്കുന്നത് സ്വതന്ത്രമായ ചിന്തകളെ ആക്രമിക്കുന്ന പ്രവണതയാണ്. സര്‍ക്കാരിന് സ്വീകാര്യമല്ലാത്ത കാഴ്ച്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളുള്ളവരെ പെട്ടെന്ന് തന്നെ ദേശദ്രോഹികളെന്ന് വിളിക്കുന്നത് സങ്കടകരമായ വസ്തുതയാണ്. അടുത്തിടെ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് ചുമത്തിയ ദേശദ്രോഹകുറ്റത്തേയും ഗുര്‍മെഹര്‍ കൗറിനെതിരെ ഉയര്‍ന്നുവന്ന ആര്‍.എസ്.എസ് ഭീഷണിയേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതല്ല മുദ്രാവാക്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അഫ്‌സല്‍ഗുരുവിനേയും യാക്കൂബ് മേമനേയും തൂക്കിലേറ്റിയതുള്‍പ്പെടെ വിവാദവിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷം നടപ്പിലാക്കിയ ആന്റി റോമിയോ സ്‌ക്വാഡിനെക്കുറിച്ചും ഷാ വിമര്‍ശിച്ചു. ഒട്ടേറെ വിവാദ വിഷയങ്ങളിലെ പ്രതികരണത്തിന് ശേഷം ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയോടുകൂടിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.