X

മുസ്‌ലിം വിരുദ്ധ പരാമര്‍ശം: യാഇര്‍ നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

ഗസ: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യാഇര്‍ നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഫേസ്ബുക്കിലൂടെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച്ച ഫലസ്തീനിലുണ്ടായ അക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശമാണ് ബ്ലോക്ക് ചെയ്തതിന് ഇടയാക്കിയത്.
ബ്ലോക്ക് ചെയ്ത നടപടി യാഇര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഫേസ്ബുക്ക് തന്റെ അക്കൗണ്ട് 24 മണിക്കൂര്‍ ബ്ലോക്ക് ചെയ്തുവെന്ന് യാഇര്‍ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. ‘എവിടെയാണ് അക്രമങ്ങള്‍ ഇല്ലാതിരിക്കുന്നതെന്ന് അറിയാമോ. യാദൃശ്ചികമെന്ന് പറയട്ടെ, മുസ്‌ലിം സാന്നിധ്യം ഒട്ടുമില്ലാത്ത ഐസ്‌ലാന്റിലും ജപ്പാനിലുമാണത്.’ പ്രധാനമന്ത്രിയുടെ മകന്‍ വ്യക്തമാക്കി. ‘ഇസ്രാഈലില്‍ സമാധാനം നിലനിര്‍ത്താന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളു. ഒന്നുകില്‍ ജൂതന്മാര്‍ ഇവിടം വിട്ട് പോവുക, അല്ലെങ്കില്‍ മുസ്‌ലിംകള്‍ ഇസ്രായേല്‍ വിടുക. ഞാന്‍ രണ്ടാമത് തെരഞ്ഞെടുക്കുന്നു.’ മറ്റൊരു പോസ്റ്റില്‍ യാഇര്‍ നെതന്യാഹു കുറിച്ചു. സെന്‍ട്രല്‍ വെസ്റ്റ് ബാങ്ക് ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പുത്രന്റെ പരാമര്‍ശം. വിവാദമായതോടെ ഫേസ്ബുക്ക് യാഇന്റെ പോസ്റ്റ് പിന്‍വലിച്ചു. അതിനെ തുടര്‍ന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ ഫേസ്ബുക്കിനെ വിമര്‍ശിച്ചത്. ചിന്തകളുടെ ഏകാധിപത്യം എന്നാണ് ഫേസ്ബുക്ക് നടപടിയെക്കുറിച്ച് വിമര്‍ശിച്ചത്.

chandrika: