X

അന്‍വറിന്റേത് ഇടതുപക്ഷ വഴിയല്ല, പി. ശശിയുടേത് മാതൃകാ പ്രവര്‍ത്തനം; അന്‍വറിനെ വിമര്‍ശിച്ചും ശശിയെ സംരക്ഷിച്ചും മുഖ്യമന്ത്രി

നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഇടതുപക്ഷ എം.എല്‍.എ എന്ന ബോധം പി.വി. അന്‍വറിന് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണത്തിന്റെ പേരില്‍ ആരെയും മാറ്റി നിര്‍ത്തില്ലെന്നും അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം മാത്രമേ നടപടിയുണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിച്ച പി.വി. അന്‍വറിന്റേത് ഇടതുപക്ഷ വഴിയല്ലെന്നും പി. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്തതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സാധാരണ രീതിയില്‍ ചെയ്യാന്‍ പാടുള്ള കാര്യമല്ല അന്‍വര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെടുത്തി പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നിലപാടുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. എം.ആര്‍. അജിത്കുമാറിനെതിരെ ആരോപണത്തിന്റെ പേരില്‍ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങളുമായി പി.വി. അന്‍വര്‍ ആദ്യ വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്താന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ വീണ്ടും വീണ്ടും വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ ഈ സമീപനം തുടരുകയാണെങ്കില്‍ തനിക്കും വീണ്ടും വീണ്ടും മാധ്യമങ്ങളെ കാണേണ്ടി വരുമെന്നും മുഖ്യമന്തി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ ദൗത്യവുമായി ഉദ്യോഗസ്ഥരെ അയക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായിട്ടാണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന രീതി തങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ യൂണിയന്‍ നേതാക്കളെയോ ഉത്തരവാദിത്തത്തിന് ഭംഗം വരുന്ന രീതിയില്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അന്വേഷ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 24ന്‌ മുമ്പായി നല്‍കാന്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നേരത്തെ തന്നെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ തന്നെ അന്വേഷണ പുരോഗതിയെ കുറിച്ച് ആരാഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

webdesk13: