നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ സി.പി.എമ്മിന് അകത്തും തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുന്നു. അന്‍വറിന്റെ പിന്നില്‍ ആരാണെന്ന ‘രഹസ്യാന്വേഷണം’ നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. ചില നേതാക്കള്‍ക്ക് ലഭിച്ച കത്തുകളും ഫോട്ടോകളുമാണ് അന്വേഷണങ്ങള്‍ക്ക് വഴിവെച്ചത്.
ഒരു സംസ്ഥാന കമ്മിറ്റിയംഗം വിദേശത്ത് പോയതിന്റെയും ചിലരുമായി കൂടിക്കാഴ്ച നടത്തിയതിന്റെയും ഫോട്ടോകളും വിവരങ്ങളുമാണ് ലഭിച്ചിട്ടുള്ളത്. ഈ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പി.വി. അന്‍വര്‍ ആരോപണവുമായി രംഗത്തെത്തിയത്. പാര്‍ട്ടി നേതാവിന്റെ വിദേശയാത്രയും അന്‍വര്‍ ആരോപണം ഉന്നയിച്ചതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പാര്‍ട്ടിക്കുള്ളിലെ രഹസ്യ പരിശോധന.
ദുബൈയില്‍ നടന്ന കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിവരങ്ങള്‍ കത്തില്‍ വിവരിക്കുന്നുണ്ട്. ദുബൈയിലെ സ്വകാര്യ കമ്പനി പ്രതിനിധികളുമൊന്നിച്ച് സംസ്ഥാന കമ്മിറ്റി അംഗം കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേരുന്നതിന്റെയും കമ്പനിപ്രതിനിധികളുമായി യോഗത്തില്‍ പങ്കെടുക്കുന്നതിന്റെയും ഫോട്ടോയാണ് ഇതിനൊപ്പമുള്ളത്.
ഇതേ കമ്പനി ഇടുക്കിയില്‍ ഒരു റിസോര്‍ട്ട് തുടങ്ങിയിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തില്‍ പാര്‍ട്ടിപോലും അറിയാതെ സംസ്ഥാന നേതാവ് പങ്കെടുത്തിരുന്നു. അതിനെതിരെയുള്ള പരാതി ആ ജില്ലയില്‍നിന്നുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. ഇതൊന്നും ഇതുവരെ പാര്‍ട്ടി ഔദ്യോഗിക പരിശോധനയ്ക്കായി സെക്രട്ടേറിയറ്റ് യോഗത്തില്‍പ്പോലും വെച്ചിട്ടില്ല.
റിസോര്‍ട്ട് ഉദ്ഘാടനത്തിന് ടൂറിസം മന്ത്രിയെ പങ്കെടുപ്പിക്കാന്‍ ദുബൈയിലെ കമ്പനി പ്രതിനിധികള്‍ ശ്രമിച്ചിരുന്നു. ഈ കമ്പനിയെ സംബന്ധിച്ച് സി.പി.എം ഇടുക്കി ജില്ലാനേതാക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പരിപാടി ഒഴിവാക്കിയതെന്നാണ് വിവരം. അതേ കമ്പനിക്കായി സംസ്ഥാനകമ്മിറ്റി അംഗം സജീവമായി ഇടപെട്ടതാണ് പരാതി ഉയരാന്‍ കാരണമായത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരേ അടക്കം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നേതാവിന്റെ വിദേശസന്ദര്‍ശനവും കൂടിക്കാഴ്ചയും ചര്‍ച്ചയാക്കാന്‍ ശ്രമമെന്നാണ് സൂചന.
സമ്മേളനകാലത്ത് സംഘടനാപരമായ നടപടികളും പരിശോധനയും പാടില്ലെന്ന വ്യവസ്ഥയുണ്ട്. അക്കാരണത്താലാണ് പരാതികള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിക്കാത്തതെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിഅനുകൂലികളും വിമര്‍ശകരുമെന്ന രീതിയിലേക്ക് ചേരിതിരിവിന് വഴിവെച്ചിട്ടുണ്ടെന്നാണ് സൂചന. ഓരോ പാളയത്തിലെയും നേതാക്കള്‍ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണവും തെളിവുശേഖരിക്കലുമാണ് ഇപ്പോള്‍ ഇരുപക്ഷത്തുമായി നടക്കുന്നത്.