കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടക്കാന്‍ ആളില്ലാത്തതിനാല്‍ മുന്നിട്ടിറങ്ങി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. രണ്ട് പേരുടെ സംസ്‌ക്കാരച്ചടങ്ങുകള്‍ക്കാണ് പിപിഇ കിറ്റ് ധരിച്ചെത്തിയ എംഎല്‍എ നേതൃത്വം നല്‍കിയത്. ബന്ധുക്കള്‍ക്കും രോഗം ബാധിച്ചതിനെ തുടര്‍ന്ന് മൃതദേഹം അടക്കം ചെയ്യാന്‍ ആളില്ലാതായ സന്ദര്‍ഭത്തിലാണ് എംഎല്‍എ തന്നെ മുന്നിട്ടിറങ്ങിയത്.
കോവിഡ് ബാധിച്ചു മരിച്ച ആലുവ സ്വദേശി തേവന്റെ ഭാര്യയും 3 മക്കളും രോഗം ബാധിച്ച് ചികില്‍സയിലായതിനാലാണ് സംസ്‌ക്കാര ചടങ്ങിന് എംഎല്‍എ നേതൃത്വം നല്‍കിയത്. മൃതദേഹം ആംബുലന്‍സില്‍ എത്തിച്ചതും ശ്മശാനത്തില്‍ ഇറക്കിയതും പിപിഇ കിറ്റ് ധരിച്ചെത്തിയ എംഎല്‍എ ഉള്‍പ്പടെ 3 പേര്‍.
സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമായതിനാല്‍ സംസ്‌ക്കാരച്ചടങ്ങിന്റെ ചെലവ് വഹിച്ചതും എംഎല്‍എയാണ്. ആലുവ നിയോജക മണ്ഡലത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌ക്കാരത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അറിയിച്ചാല്‍ ഉടന്‍ സഹായത്തിനെത്തുമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച കപ്രശ്ശേരി സ്വദേശി കെ.എം.ബാവയുടെ സംസ്‌ക്കാരച്ചടങ്ങിനും അന്‍വര്‍ സാദത്ത് പിപിഇ കിറ്റ് ധരിച്ച് എത്തിയിരുന്നു.