മലേഷ്യയിലെ മുതിര്‍ന്ന പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സുല്‍ത്താന്‍ അബ്ദുള്ള രാജാവാണ് പുതിയ നേതാവിനെ നിയമിച്ചത്. മലായ് ഭരണാധികാരികളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് മലേഷ്യയുടെ പത്താം പ്രധാനമന്ത്രിയായി അന്‍വര്‍ ഇബ്രാഹിമിനെ നിയമിക്കാന്‍ സുല്‍ത്താന്‍ അബ്ദുള്ള രാജാവ് തീരുമാനം എടുത്തത്.
തിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ പക്കാട്ടന്‍ ഹരപ്പന്‍ (പിഎച്ച്) പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ സീറ്റില്ലായിരുന്നു. അഞ്ച് ദിവസത്തെ തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ ഗവണ്‍മെന്റിനെക്കുറിച്ചുള്ള ധാരണയിലെത്തിയത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ ഏതു രൂപത്തിലായിരിക്കുമെന്ന് വ്യക്തമല്ല.