കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിരിക്കുന്ന സ്ഥലത്തെ അരുവികളുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് മാസത്തിനകം കോഴിക്കോട് ജില്ല കലക്ടർ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈകോടതി.
ഗ്രീൻ മൂവ്മെന്റ് ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. ഹരജിക്കാരനേയും എതിർ കക്ഷികളേയും കേട്ട് പരാതിയിൽ തീരുമാനമെടുക്കാനാണ് നിർദേശം.
റിസോർട്ടിൽ അരുവികളുടെ ഒഴുക്ക് തടഞ്ഞ് നിർമിച്ച നാല് തടയണകൾ ഹൈകോടതി ഉത്തരവ് പ്രകാരം നേരത്തെ പൊളിച്ചിരുന്നു. ഇതിന്റെ മറവിൽ ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവിതന്നെ മണ്ണിട്ട് മൂടിയെന്നും റോഡും ഡ്രെയ്നേജും നിർമിച്ചെന്നുമാണ് ഹരജിക്കാരന്‍റെ പരാതി. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.