X

കല്യാണം കഴിക്കാനും ബി.ജെ.പിയുടെ അനുമതി വേണോയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്്‌ലി ഇറ്റലിയില്‍ വിവാഹം നടത്തിയതിനെ വിമര്‍ശിച്ച ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. വിവാഹം കഴിക്കാനും ഇനി ബി.ജെ.പിയുടെ അനുമതി വാങ്ങേണ്ടതുണ്ടോ എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.
ട്വിറ്ററില്‍ പരിഹാസ രൂപേണയായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.
‘ ഇന്ത്യയിലെ എല്ലാ യുവതീയുവാക്കളോടും, ഒരു കാര്യം ശ്രദ്ധിക്കണം. വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ ആരെ, എവിടെ വെച്ച്, ആഘോഷങ്ങള്‍ എങ്ങനെ, എന്തൊക്കെ ഭക്ഷണങ്ങളാണ് വിളമ്പുന്നത് എന്നീ കാര്യങ്ങള്‍ ബി.ജെ.പിയെ അറിയിച്ച് മുന്‍കൂറായി അനുമതി വാങ്ങണം.’ – എന്നായിരുന്നു ട്വീറ്റ്.
മധ്യപ്രദേശിലെ ഗുണയില്‍ നിന്നുള്ള എം.എല്‍.എ പന്നലാല്‍ ശാക്യയാണ് കോഹ്‌ലിയുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്ത് ഇറ്റലിയില്‍ നടത്തിയ വിവാഹത്തെ ചോദ്യം ചെയ്തിരുന്നത്. ‘ഒരു വലിയ ക്രിക്കറ്റര്‍ ഈയിടെ വിവാഹം ചെയ്തു. ഇതു പോലൊരു വലിയ രാജ്യത്തില്‍ അദ്ദേഹത്തിന് വിവാഹം ചെയ്യാന്‍ സ്ഥലം കിട്ടിയില്ല. ഇന്ത്യയ്ക്ക് പ്രാധാന്യം നല്‍കാത്ത ഒരു കളിക്കാരനെ രാജ്യസ്‌നേഹിയെന്ന് പറയാനാകില്ല’ എന്നായിരുന്നു ശാക്യയുടെ കമന്റ്. ശ്രീരാമനും ശ്രീകൃഷ്ണനും യുധിഷ്ഠിരനും ഈ മണ്ണില്‍വെച്ചാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹം ‘ഓര്‍മിപ്പിച്ചിരുന്നു’.

chandrika: