X
    Categories: indiaNews

പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി; നെഹ്‌റുവിനെ അധിക്ഷേപിച്ചതില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നെഹ്‌റു കുടുംബത്തിന് നേരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കേന്ദ്ര മന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ ലോക്‌സഭ നാല് തവണ നീട്ടിവെച്ചതിന് ശേഷമാണ് കേന്ദ്ര സാമ്പത്തിക സഹമന്ത്രി ധനമന്ത്രി അനുരാഗ് താക്കൂര്‍ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചത്. ആരേയും മാനസികമായി വേദനിപ്പിക്കണമെന്നുണ്ടായിരുന്നില്ലെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.

ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നതായു, ” വൈകി 6 മണിക്ക് ശേഷം താക്കൂര്‍ പറഞ്ഞു.

അതേസമയം, സഭ മാറ്റിവച്ചതിന് പിന്നാലെ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായും ചില അംഗങ്ങളുടെ പരാമര്‍ശത്തില്‍ തനിക്ക് വല്ലാത്ത വേദനയുണ്ടായ കാര്യം അറിയിച്ചതായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ വസ്തുതകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍, പിഎം കെയേഴ്‌സ് ഫണ്ടിനെ കുറിച്ച് സംസാരിക്കുന്ന വേളയിലാണ് നെഹ്‌റു-ഗാന്ധി കുടുംബത്തിനെതിരെ അനുരാഗ് ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. പി.എം കെയര്‍ ഫണ്ടിന് സുതാര്യതിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി പി.എം കെയര്‍ ഫണ്ടിനെ അനൂകൂലിച്ചുക്കൊണ്ട് അനുരാഗ് താക്കൂര്‍ നടത്തിയ പ്രസ്താവനകളാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധി ആരംഭിച്ചതെന്നായിരുന്നു ബി.ജെ.പി എം.പി അനുരാഗ് താക്കൂറിന്റെ പ്രസ്താവന.

‘ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ, എല്ലാ കോടതികളും പിഎം-കെയര്‍സ് ഫണ്ടില്‍ സംഭാവന നല്‍കിയെന്നും. ചെറിയ കുട്ടികള്‍ അവരുടെ കുഞ്ചികള്‍ പൊട്ടിച്ച് സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഒരു ഫണ്ട് നെഹ്റുവിന്റെ പേരിലുണ്ടെന്നും, നിങ്ങള്‍ (കോണ്‍ഗ്രസിന്)ക്ക് മാത്രമുള്ള ഗാന്ധി കുടുംബത്തിന്റെ ഒരു ട്രസ്റ്റാണിതെന്നുമായിരുന്നു, കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. സോണിയ ഗാന്ധി ചെയര്‍മാനായ ട്രെസ്റ്റിനെ കുറിച്ച് അന്വേഷിക്കണമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് തവണ നിര്‍ത്തിവെക്കുകയും ചെയ്തു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ഏറ്റവും മോശമായ രീതിയില്‍ രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് താക്കൂര്‍ ചെയ്തതെന്ന് ശശി തരൂര്‍ എംപി കുറ്റപ്പെടുത്തി. പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഖേദം പ്രകടിപ്പിച്ച് അനുരാഗ് താക്കൂര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ താക്കൂര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഖേദം പ്രകടിപ്പിച്ച് അനുരാഗ് താക്കൂര്‍ രംഗത്തെത്തിയത്.

 

 

 

chandrika: