കൊച്ചി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരി അനുജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം. അമ്മ ഉറങ്ങുന്നില്ല എന്ന കവിത സമാഹാരത്തിനാണ് അമ്പതിനായിരം രൂപയും താമ്ര ഫലകവും അടങ്ങുന്ന പുരസ്‌കാരം. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘അമ്മ ഉറങ്ങുന്നില്ല’ കവിത സമാഹാരാത്തില്‍ 32 കവിതകളാണുള്ളത്.
ചുരുക്കും വാക്കുകള്‍ കൊണ്ട് കഠോര സത്യധ്വനിപ്പെരുക്കം സൃഷ്ടിക്കുന്ന നല്ല കവിതകളെന്നാണ് അവതാരികയില്‍ ലീലാവതി ടീച്ചറുടെ കുറിപ്പ്. പൊതുവാക്യ സമ്മേളനം, അരോമയുടെ വസ്ത്രങ്ങള്‍ തുടങ്ങിയ കഥാ സമാഹാരങ്ങളും അനുജ അകത്തൂട്ടിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒ.എന്‍.വി യുവ സാഹിത്യ പുരസ്‌കാരം, വെണ്‍മണി അവാര്‍ഡ്, തിരൂര്‍ തുഞ്ചന്‍ സ്മാരക സമിതി പുരസ്‌കാരം, വൈലോപ്പിള്ളി അവാര്‍ഡ്, ഡോ.അയ്യപ്പപണിക്കര്‍ സ്മാരക കവിത പുരസ്‌കാരം, അറ്റ്ലസ്-കൈരളി കവിത പുരസ്‌കാരം, അങ്കണം പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു.
സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്റെയും എഴുത്തുകാരി നളിനി ബേക്കലിന്റെയും മകളാണ്. കേരള വെറ്റിനറി സര്‍വകലാശാലയിലെ അസി.പ്രൊഫസര്‍ ഡോ.മുഹമ്മദ് അസ്ലമാണ് ഭര്‍ത്താവ്. ഡല്‍ഹി ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്ന അനൂജയ്ക്ക് ഐ.ആര്‍.എസില്‍ ഒന്നാം റാങ്കും ലഭിച്ചിരുന്നു.
ബാലസാഹിത്യത്തില്‍ മലയാളത്തില്‍ നിന്ന് മലയത്ത് അപ്പുണ്ണിയ്ക്കാണ് പുരസ്‌കാരം. ബാലസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ശിശുദിനമായ നവംബര്‍ 14ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
യുഎ ഖാദര്‍, ഡോ. കെഎസ് രവി കുമാര്‍, ഇളവൂര്‍ ശ്രീകുമാര്‍ എന്നിവരായിരുന്നു ബാലസാഹിത്യപുരസ്‌കാര ജൂറി അംഗങ്ങള്‍. ഡോ. ഗീത പുതുശ്ശേരി, ഡോ. പിഎസ് രാധാകൃഷ്ണന്‍, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരായിരുന്നു യുവപുരസ്‌കാരത്തിന്റെ ജൂറി അംഗങ്ങള്‍