നിയമനങ്ങള്‍ കൃത്യസമയത്ത് നടത്താത്തതും സീനിയോറിറ്റി ലിസ്റ്റ് യഥാസമയം പ്രസിദ്ധീകരിക്കാത്തതുമാണ് ചെറുപ്പക്കാരന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമായതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി 150ലധികം തസ്തികകളാണ് എക്സൈസ് വകുപ്പില്‍ ഒഴിച്ചിട്ടിരിക്കുന്നത്. സ്ഥാനക്കയറ്റം നല്‍കി നികത്തേണ്ട ഒഴിവുകള്‍ യഥാസമയം നികത്തിയിരുന്നെങ്കില്‍ മരണപ്പെട്ട അനുവിന് ഒരു വര്‍ഷം മുന്‍പേ നിയമനം കിട്ടുമായിരുന്നു എന്ന് രേഖകളില്‍ വ്യക്തമാക്കുന്നു.
പിഎസ്സി റദ്ദാക്കിയ എക്സൈസ് റാങ്ക് പട്ടികയില്‍ 76ാം റാങ്കുകാരനായിരുന്നു ഇന്നലെ ആത്മഹത്യ ചെയ്ത അനു. കഴിഞ്ഞമാസം 28 ന് പുറത്തിറങ്ങിയ എക്സൈസ് വകുപ്പിന്റെ ഉത്തരവില്‍ വിവിധ ജില്ലകളിലായി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ 74 ഒഴിവുകളുണ്ടെന്ന് പറയുന്നു. ഈ മാസം പത്തിന് പുറത്തിറങ്ങിയ മറ്റൊരു ഉത്തരവില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ 94 ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുന്നു. അതായത് എക്സൈസ് വകുപ്പില്‍ 150 ലേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് ചുരുക്കം.
2008 ഡിസംബര്‍ 31 ന് ശേഷം എക്സൈസ് വകുപ്പില്‍ പ്രിവന്റീവ് ഓഫീസര്‍മാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. പൂര്‍ണമായും സ്ഥാനക്കയറ്റം നല്‍കി നികത്തേണ്ട ഒഴിവുകളും ഇതുമൂലം തടസപ്പെട്ടിരിക്കുന്നു. കോടതികളില്‍ കേസ് ഉള്ളതാണ് പ്രമോഷന്‍ നടപടികള്‍ക്ക് തടസമെന്നതാണ് അധികൃതര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സമാനമായ രീതിയില്‍ കേസുകള്‍ ഉണ്ടായിട്ടും മേലെ തട്ടിലുള്ള ഓഫീസര്‍ തസ്തികകളില്‍ കോടതിയുടെ തീര്‍പ്പിന് വിധേയമെന്ന വ്യവസ്ഥയോടെ സ്ഥാനക്കയറ്റ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുമുണ്ട്. ഒഴിവുകള്‍ യഥാക്രമം നികത്തുകയും പ്രമോഷന്‍ നടപടികള്‍ കൃത്യമായി പാലിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ അനുവിന് ഒരു വര്‍ഷം മുന്‍പേ നിയമനം കിട്ടുമായിരുന്നുവെന്നാണ് ഈ രേഖകള്‍ കാണിക്കുന്നത്.