ന്യൂഡല്‍ഹി: മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളേയും പങ്കെടുപ്പിച്ച് ദക്ഷിണേന്ത്യയില്‍ പടുകൂറ്റന്‍ ബി.ജെ.പി വിരുദ്ധ റാലി സംഘടിപ്പിക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.പി.എ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എല്ലാ പാര്‍ട്ടികളേയും റാലിയില്‍ പങ്കെടുപ്പിക്കും. ഇതേക്കുറിച്ച് ആലോചിക്കുന്നതിനുള്ള പ്രഥമ യോഗം കേരളത്തില്‍ ചേരും. കേരളത്തിലെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്നും ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികളെ തുടച്ചുനീക്കാന്‍ റാലി മുതല്‍കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തുള്ള പതിനാറ് പാര്‍ട്ടികളും റാലിയില്‍ അണിനിരക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായി എതിര്‍ക്കാന്‍ യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെയും പശ്ചിമബംഗാളിലെയും ഉപത്തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കേറ്റ കനത്ത പ്രഹരമാണ്. കേന്ദ്ര ബജറ്റ് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ്. കോര്‍പ്പറേറ്റുകള്‍ക്കും കുത്തക മുതലാളിമാര്‍ക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അടക്കിവാഴാനുള്ള അവസരമാണ് ബജറ്റിലൂടെ കേന്ദ്ര സക്കാര്‍ ഒരുക്കുന്നത്. ഇതിനെതിരെ പാര്‍ലമെന്റിലും പുറത്തും മുഴുവന്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളും ഒന്നിച്ച് അണി നിരക്കണം. മുത്ത്വലാഖ് ബില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി യോജിച്ച് പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.