മോസ്‌കോ: തലസ്ഥാനനഗരമായ മോസ്‌കോയിലെ ഡമോഡിഡോവ് വിമാനത്താവളത്തില്‍നിന്ന് 71 പേരുമായി പറന്നുയര്‍ന്ന റഷ്യന്‍ വിമാനം തകര്‍ന്നുവീണു. 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് സൂചന.
ആഭ്യന്തര വിമാനക്കമ്പനിയായ സരതോവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എ.എന്‍- 148 വിമാനമാണ് മോസ്‌കോയുടെ പ്രാന്ത പ്രദേശത്തുള്ള രമന്‍സ്‌കി ജില്ലയില്‍ തകര്‍ന്നുവീണത്.
തീപിടിച്ച നിലയില്‍ വിമാനം താഴേക്ക് പതിക്കുന്നത് കണ്ടതായി അര്‍ഗുനോവ് ഗ്രാമവാസികളെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകട സമയത്ത് വിമാനത്തില്‍ 71 പേര്‍ ഉണ്ടായിരുന്നുവെന്നും ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നും റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളുടെ വേദനയില്‍ പങ്കുചേരുന്നതായി റഷ്യന്‍ പ്രസിഡണ്ട് വഌഡിമര്‍ പുട്ടിന്‍ വ്യക്തമാക്കി.
അപകടം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. മഞ്ഞില്‍ വീണുകിടക്കുന്ന വിമാനാവശിഷ്ടങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം. മോശം കാലാവസ്ഥയാകാം അപകട കാരണമെന്ന് സൂചനയുണ്ടെങ്കിലും ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥികീരണം ഉണ്ടായിട്ടില്ല. റെക്കോഡ് മഞ്ഞുവീഴ്ചയാണ് റഷ്യയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
ഏഴു വര്‍ഷം പഴക്കമുള്ളതാണ് അപകടത്തില്‍പെട്ട വിമാനം. മറ്റൊരു വിമാനക്കമ്പനിയായ റഷ്യന്‍ എയര്‍ലൈന്‍സില്‍നിന്ന് കഴിഞ്ഞ വര്‍ഷമാണ് സരതോവ് എയര്‍ലൈന്‍സ് ഇത് സ്വന്തമാക്കിയത്. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിമാനക്കമ്പനിയുടെ അവകാശവാദം.
മഞ്ഞുവീഴ്ചയെതുടര്‍ന്ന് റോഡ് ബന്ധം അറ്റു കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. കാല്‍നടയായാണ് 150ഓളം രക്ഷാപ്രവര്‍ത്തകര്‍ അപകട സ്ഥലത്ത് എത്തിയത്. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തേക്ക് തിരിച്ച റഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രിയും പാതിവഴിയില്‍ കുടുങ്ങി.
റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമാണ് മോസ്‌കോയിലെ ഡമോഡിഡോവ് എയര്‍പോര്‍ട്ട്. വിമാനം പറന്നുയര്‍ന്ന് രണ്ടു മിനുട്ടിനുള്ളില്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. അതേസമയം റഷ്യയില്‍ വിമാന അപകടങ്ങള്‍ പതിവാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനോ പരീക്ഷണപ്പറക്കലുകള്‍ യഥാവിധി നടത്താനോ വിമാനക്കമ്പനികള്‍ തയ്യാറാകാത്തതാണ് ഇതിനു കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ ചെറു യാത്രാ വിമാനം തകര്‍ന്ന് ആറുപേര്‍ മരിച്ചിരുന്നു. 2016 ഡിസംബറില്‍ സൂചിയിലെ ബ്ലാക് സീ റിസോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്ന വിമാനം തകര്‍ന്ന് 92 പേര്‍ കൊല്ലപ്പെട്ടിരുന്നു. പൈലറ്റിന്റെ വീഴ്ചയാണ് അന്ന് അപകട കാരണമായി കണ്ടെത്തിയത്. അതേ വര്‍ഷം മാര്‍ച്ചില്‍ ഫ്‌ളൈ ദുബൈ ജെറ്റ് വിമാനം തകര്‍ന്നും റഷ്യയില്‍ 62 യാത്രക്കാര്‍ മരിച്ചിരുന്നു.