X

ആന്റിജന്‍ പരിശോധന നെഗറ്റീവായാലും ആര്‍ടി-പിസിആര്‍ പരിശോധന വേണമെന്ന് കേരളം

തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളുളളവര്‍ക്ക് ആന്റിജന്‍ പരിശോധന നെഗറ്റീവായാലും ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്. ഇതുസംബന്ധിച്ച് എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ഉള്‍പ്പെടെ നാലു ജില്ലകളില്‍ പരിശോധന ഇരട്ടിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറത്തും കാസര്‍കോട്ടുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്.

പ്രതിദിന കണക്ക് അയ്യായിരം കടന്നതോടെ കൂടുതല്‍ കൃത്യമായ ഫലം നല്‍കുന്ന ആര്‍ടി -പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ലക്ഷണങ്ങളുളളവര്‍ക്ക് ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ ചിലയിടങ്ങളില്‍ മാത്രമാണ് വീണ്ടും പിസിആര്‍ പരിശോധന നടത്തുന്നത്. രോഗമുളളവരെ കണ്ടെത്തുന്നതിന് ഇത് തടസമാകുന്നുണ്ടെന്നാണ് നിഗമനം. ഇതിന്റെയടിസ്ഥാനത്തിലാണ് ആന്റിജന്‍ നെഗറ്റീവ് ആയാലും ആര്‍ടി-പിസിആര്‍ നടത്തണമെന്ന് ജില്ലകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവില്‍ സംസ്ഥാനത്ത് അറുപതു ശതമാനത്തിലേറെ ആന്റിജന്‍ പരിശോധനയാണ് നടത്തുന്നത്.

സെപ്‌ററംബര്‍ മൂന്നാം വാരം മലപ്പുറത്ത് ടെസ്‌ററ് പോസിറ്റിവിറ്റി നിരക്ക് 16.2 ആണ്. തിരുവനന്തപുരത്ത് 14.1 ഉം കാസര്‍കോട് 13.6 ഉം കണ്ണൂരില്‍ 10.9 ഉം ആണ്. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ ജില്ലകളില്‍ പരിശോധന ഇരട്ടിയാക്കണം. പനിലക്ഷണമുളള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുന്‍പത്തെ ആഴ്ചയേക്കാള്‍ വളരെ ഉയര്‍ന്നത് കോഴിക്കോട്, ആലപ്പുഴ , പാലക്കാട് ജില്ലകളിലാണ്. തിരുവനന്തപുരത്ത് 10 ലക്ഷത്തില്‍ 1378 പേര്‍ക്കും ആലപ്പുഴയില്‍ 936 പേര്‍ക്കും രോഗം സ്ഥിരീകരിക്കുന്നുവെന്നാണ് കണക്കുകള്‍.

chandrika: