ചണ്ഡിഗഡ്: സ്ത്രീകളെ അടിച്ചമര്‍ത്തുന്ന രീതിയിലുള്ള ഹരിയാന സര്‍ക്കാരിന്റെ പരസ്യം വിവാദമാകുന്നു. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കുന്ന മാഗസിനിലാണ് മുഖം പുറത്ത് കാണിക്കാത്ത സ്ത്രീകള്‍ സംസ്ഥാനത്തിന്റെ അടയാളം എന്ന അര്‍ത്ഥം വരുന്ന തലക്കെട്ട് നല്‍കിയിരിക്കുന്നത്. മറയ്ക്കുള്ളിലെ സ്ത്രീകളാണ് ഹരിയാനയുടെ അഭിമാനം എന്ന ക്യാപ്ഷനോട് കൂടി നിര്‍മ്മിച്ച പരസ്യമാണ് വിമര്‍ശനത്തിനിടയാക്കിയത്. ഹരിയാനയിലെ കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കുന്ന സംവാദ് എന്ന വാരികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ബാക്ക് പേജിലെ പരസ്യമായി മുഖം മറച്ചു നില്‍ക്കുന്ന സ്ത്രീയുടെ ചിത്രത്തോടൊപ്പം മറയ്ക്കുള്ളിലെ സ്ത്രീയാണ് ഹരിയാനയുടെ അഭിമാനം എന്ന് പറയുന്നത്. മാഗസിന്റെ ഫ്രണ്ട് പേജില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ചിത്രമാണുള്ളത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകളോടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ സമീപനമാണ് ഈ ചിത്രം വെളിവാക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഒരു വശത്ത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ മറുവശത്ത് സ്ത്രീയെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജാവാല കുറ്റപ്പെടുത്തി. പരസ്യം ഏത് സാഹചര്യത്തിലാണ് മാഗസിനില്‍ ഇടംപിടിച്ചതെന്ന് പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീ-പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനമാണ് ഹരിയാന. 879 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍മാര്‍ എന്നതാണ് 2011 സെന്‍സസ് പ്രകാരമുള്ള ഇവിടങ്ങളിലെ കണക്ക്.
- 7 years ago
chandrika
Categories:
Video Stories