X
    Categories: indiaNews

മുത്തലാഖ് വിരുദ്ധ ആക്ടിവിസ്റ്റ് ശയറ ബാനുവിന് മന്ത്രിപദവി നല്‍കി ബിജെപി

ഡെറാഡൂണ്‍: മുത്തലാഖ് വിരുദ്ധ ആക്ടിവിസ്റ്റ് ശയറ ബാനുവിന് സഹമന്ത്രി പദവി നല്‍കി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍. സഹമന്ത്രിയുടെ സ്ഥാനമുള്ള സംസ്ഥാന വനിതാ കമ്മിഷന്‍ ഉപാധ്യക്ഷയായാണ് ഇവരെ നിയമിച്ചത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവിത്തിന്റെ മാധ്യമ വക്താവ് ദര്‍ശന്‍ സിങ് റാവത്താണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ, മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രിംകോടതി വിധി വന്നതിന് പത്തു ദിവസങ്ങള്‍ക്ക് അകം ശയറ ബാനു ബിജെപിയില്‍ ചേര്‍ന്നിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ഭന്‍സിന്ദര്‍ ഭഗതിന്റെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം.

ബാനുവിന് പുറമേ, ജ്യോതി ഷാ, പുഷ്പ പാസ്വാന്‍ എന്നിവരും വനിതാ കമ്മിഷന്‍ ഉപാധ്യക്ഷരായി ചുമതലയേറ്റിട്ടുണ്ട്. കമ്മിഷനിലെ മൂന്ന് തസ്തികകളും ഏറെക്കാലമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള നവരാത്രി സമ്മാനമാണ് ഈ നിയമനം എന്ന് റാവത്ത് പറഞ്ഞു.

2014ലാണ് മുത്തലാഖിന്റെ ഭരണഘടനാ സാധുതയെ ശയറ ബാനു സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തത്. ഉത്തരാഖണ്ഡിലെ ഉദ്ധംസിങ് നഗര്‍ സ്വദേശിനിയാണ്.

Test User: