X

ഖബർസ്ഥാനിലെ മീസാൻകല്ലുകൾ പിഴുതുമാറ്റി സാമൂഹ്യവിരുദ്ധർ

മേപ്പാടി പുത്തുമല പച്ചക്കാട് മുസ്്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള ഖബർസ്ഥാനിലെ മീസാൻ കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ

മേപ്പാടി: ഖബർസ്ഥാനിലെ വർഷങ്ങൾ പഴക്കമുള്ളതടക്കം മീസാൻകല്ലുകൾ പിഴുതുമാറ്റി സാമൂഹ്യവിരുദ്ധരുടെ അതിക്രമം. വയനാട് ജില്ലയിലെ മേപ്പാടി പുത്തുമല പച്ചക്കാട് മുസ്്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള ഖബർസ്ഥാനിലാണ് ഇന്നലെ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ നിരവധി മീസാൻ കല്ലുകൾ പറിച്ചെറിഞ്ഞത്. മീസാൻ കല്ലുകൾ അടിച്ചുപൊട്ടിക്കുകയും പിഴുതെടുക്കുകയും ചെയ്ത നിലയിലാണ്. ഇന്ന് പകൽ സമയത്ത്് മഹല്ല് നിവാസികൾ സംഭവം കണ്ടതോടെ കമ്മിറ്റി ഭാരവാഹികളെ വിവരമറിക്കുകയായിരുന്നു. തുടർന്ന് മഹല്ല് പ്രസിഡണ്ട് എം.പി ഫാറൂഖ്, സെക്രട്ടറി ടി.കെ അലി എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകിയതിനെത്തുടർന്ന് മേപ്പാടി പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി മേപ്പാടി എസ്.ഐ സജീവ് അറിയിച്ചു. മുപ്പത്തിയഞ്ച് വർഷത്തിലേറെയായി പച്ചക്കാട് പ്രദേശത്ത് പുത്തുമല മഹല്ല് ജമാത്തത്തിന്റെ കീഴിൽ സംരക്ഷിച്ചു വരുന്നതാണ് ഖബർസ്ഥാൻ. തോട്ടം മേഖലയായ ഈ മഹല്ലിലെ നിരവധിയാളുകൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. പ്രദേശത്തെ മസ്ജിദ് 2018ലെ ഉരുൾപൊട്ടലിൽ പൂർണ്ണമായും തകർന്നിരുന്നു. പള്ളിയുടെ അൽപം മാറിയാണ് ഖബർസ്ഥാൻ സ്ഥിതിചെയ്യുന്നത്.

adil: