X

യു.പിയില്‍ തിരിച്ചടിച്ച് ‘ആന്റി റോമിയോ’

ലക്‌നോ: അധികാരത്തിലേറിയതിനു തൊട്ടു പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച ആന്റി റോമിയോ സ്‌ക്വാഡ് സംസ്ഥാന സര്‍ക്കാറിന് തലവേദനയാകുന്നു. ഉത്തരവ് വന്നതിനു പിന്നാലെ സംസ്ഥാനമെങ്ങും പാര്‍ക്കുകളും പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് സദാചാര പൊലീസ് പിടിമുറുക്കിയതാണ് സര്‍ക്കാറിന് തിരിച്ചടിയായത്.
ഇതോടെ ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ആന്റി റോമിയോ സ്‌ക്വാഡ് എന്ന പേരില്‍ പൊലീസ് യുവതീ യുവാക്കളെ പൊതുസ്ഥലങ്ങളില്‍ അവഹേളിക്കുകയാണെന്ന ആക്ഷേപം ശക്തമായതിനെതുടര്‍ന്നാണ് നടപടി. ആന്റി റോമിയ സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജനങ്ങളെ അവഹേളിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശമിറക്കിയത്. വനിതകളെ കസ്റ്റഡിയില്‍ എടുക്കുന്നത് വനിതാ പൊലീസുകാരുടെ സാന്നിധ്യത്തില്‍ മാത്രമേ ആകാവൂവെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഗാസിയാബാദിലെ പാര്‍ക്കില്‍നിന്ന് കമിതാക്കളെന്നാരോപിച്ച് ദമ്പതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്‌പെന്റു ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. നവയുഗ് മാര്‍ക്കറ്റിനു സമീപത്തെ അംബേദ്കര്‍ പാര്‍ക്കില്‍നിന്നാണ് ദമ്പതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് പൊലീസ് വാനില്‍ ഇരുവരേയും കോട്‌വാലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.
കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പൊലീസ് വാനില്‍ വനിതാ പൊലീസുകാര്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്തതും വൈറലായി. ഇതോടെയാണ് നടപടി സ്വീകരിക്കാന്‍ പൊലീസ് നിര്‍ബന്ധിതമായത്.

chandrika: