ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടപ്പിലാക്കിയ ആന്റി റോമിയോ സ്‌കോഡിന്റെ മറവില്‍ വ്യാപകമായി യുവാക്കളെ പോലീസ് പിടികൂടുന്നതായി പരാതി. പൊതുയിടങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് തടയുന്നതിന് നടപ്പിലാക്കിയതാണ് പുതിയ പദ്ധതി. ഇത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു.
കോളേജ് പരിസരത്തോ ഷോപ്പിംഗ് മോളുകളിലോ മറ്റു പൊതു ഇടങ്ങളിലോ സ്ത്രീകളോട് മോശമായി പെരുമാറുന്ന യുവാക്കളെ പിടികൂടുന്നതായിരുന്നു ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. സ്ത്രീകളുടെ സുരക്ഷ പരിഗണിച്ച് നടപ്പിലാക്കുന്ന ഇതില്‍ വ്യാപകമായി യുവാക്കളെ പിടികൂടുന്നതായാണ് പുറത്തുവരുന്ന ആക്ഷേപം. കോളേജ് പരിസരങ്ങിലും മറ്റും സദാചാര പോലീസ് ചമയുന്നതിനും പോലീസ് ആന്റി റോമിയോ നടത്തിപ്പുകാര്‍ തുനിഞ്ഞിറങ്ങുന്നു. ഇന്നലെ വിവിധ നഗരങ്ങളില്‍ നിന്ന് ആയിരത്തോളം യുവാക്കളെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പൊതുയിടങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്ന പെണ്‍കുട്ടികള്‍ക്കും പിടിവീഴുന്നതായി ആക്ഷേപമുയരുന്നുണ്ട്. ഇന്നലെ മാത്രമായി നിരവധി യുവാക്കളെയാണ് സ്‌ക്വാഡ് സദാചാര പോലീസ് ചമഞ്ഞ് പിടികൂടിയിരിക്കുന്നത്.
സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിവാദമായ സാചഹര്യത്തില്‍ സംഭവത്തില്‍ വിശദീകരണവുമായി പോലീസ് ചീഫ് ജാവീദ് അഹമ്മദ് രംഗത്തത്തി. പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷ മുന്‍നിര്‍ത്തി നടപ്പിലാക്കുന്നതാണ് ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനമെന്നും സദാചാര പോലീസ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവധവും അറവുശാലയും നിര്‍ത്തലാക്കുമെന്ന യോഗിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ നിരോധിക്കുമെന്ന യോഗിയുടെ ഉത്തരവിന്റെ ഭാഗമായി സംസ്ഥാനത്ത് നിരവധി അറവുശാലകള്‍ അടച്ചുപൂട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് അറവുശാലകള്‍ ഗോസംരക്ഷകര്‍ തീയിട്ട് നശിപ്പിച്ചിരുന്നു.