X

ജനകീയമായി പേവിഷ പ്രതിരോധ നടപടികൾ സംഘടിപ്പിക്കും: മന്ത്രി വീണ ജോർജ്

പൊതുജനങ്ങളിലേക്കിറങ്ങിച്ചെന്ന് പേവിഷ പ്രതിരോധ നടപടികൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ  വകുപ്പ് മന്ത്രി വീണ ജോർജ് അഭിപ്രായപ്പെട്ടു. ലോക പേവിഷബാധ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നായകളുടെയും പൂച്ചകളുടെയും കടിയേൽക്കുന്ന സാഹചര്യം വർദ്ധിക്കുകയാണ്. ഈ വർഷം 1,97,000 പട്ടി കടിയേറ്റ  കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എത്ര ചെറിയ മുറിവാണെങ്കിലും പട്ടി കടിയേറ്റാൽ 15 മിനിട്ട് ഒഴുകുന്ന വെളളത്തിൽ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. വൈറസിനെ ഇല്ലാതാക്കാനുള്ള ആദ്യ പ്രതിരോധ മാർഗമാണിത്. തുടർന്ന് എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയുടെ സേവനം തേടണം. സംസ്ഥാനത്തെ 537 ആശുപത്രികളിൽ വാക്‌സിനേഷനുളള IDRV സംവിധാനം നിലവിലുണ്ട്. മറ്റൊരു ചികിൽസയായ ഇമ്മ്യൂണോ ഗ്ലോബലിൻ കാറ്റഗറി അനുസരിച്ച് മുറിവുള്ള ഭാഗത്ത് കുത്തിവെക്കുന്ന ആന്റിബോഡിയാണ്. ഏകാരോഗ്യം പേവിഷബാധ മരണങ്ങൾ ഒഴിവാക്കാം എന്നതാണ് ഈ വർഷത്തെ പേവിഷബാധ ദിനാചരണത്തിന്റെ പ്രമേയം. ഇതിന്റെ ഭാഗമായി മുഴുവൻ വളർത്തുമൃഗങ്ങൾക്കും വാക്‌സിനേഷൻ ലൈസൻസും നിർബന്ധമാക്കിയിരിക്കുകയാണ്. പേവിഷം ബാധിച്ച മൃഗങ്ങളെ കൊല്ലുന്നതിന് സുപ്രീം കോടതിയോട് അനുവാദം ചോദിച്ചിട്ടുണ്ട്. 2025ഓടെ പേവിഷ ബാധയേറ്റുള്ള മരണം സംസ്ഥാനത്തില്ലാതാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ജില്ല ആശുപത്രികൾ മോഡൽ ക്ലിനിക്കുകളാക്കും.

പേവിഷബാധ പ്രതിരോധ ചികിൽസ സൗകര്യങ്ങളെല്ലാം കേന്ദ്രീകൃതമായി ലഭ്യമാക്കുക അതോടൊപ്പം രോഗികൾക്കാവശ്യമായ ആത്മവിശ്വാസം നൽകുക എന്നതുമാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പ്രിയ പി പി സ്വാഗതം ആശംസിച്ചു. ആർട്ട്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷീല കെ എൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. ഹരികുമാർ ചടങ്ങിന് നന്ദി അറിയിച്ചു. പേവിഷബാധക്കെതിരെയുള്ള വാക്‌സിൻ കണ്ടെത്തിയ ലൂയി പാസ്റ്ററോടുള്ള ബഹുമാനാർത്ഥമാണ് സെപ്റ്റംബർ 28 ലോക പേവിഷ ബാധ ദിനമായി ആചരിക്കുന്നത്.

Test User: