X

ജനവിരുദ്ധതയില്‍ പ്രതികരിക്കണം

കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13 ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഒഴിഞ്ഞതോടെയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാലക്കാട്ട് എം.എല്‍.എയായിരുന്ന ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയായിരുന്ന കെ.രാധാകൃഷ്ണനും എം.പിമാരായതിനെ തുടര്‍ന്നാണ് ഇരുമണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്കാഗാന്ധി മത്സരിക്കുന്നതോടെ മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിക്കും.

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജാര്‍ഖണ്ഡില്‍ രണ്ടു ഘട്ടമായും മഹാരാഷ്ട്രയില്‍ ഒറ്റ ഘട്ടമായുമാണ് വോട്ടെടുപ്പ്. ഒരാഴ്ച മുമ്പെത്തിയ ഹരിയാന, ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ചൂടാറും മുമ്പേ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പും ഉപ തിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചതോടെ രാജ്യമൊന്നാകെ ആവേശത്തിലാണ്. സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെട്ട മഹാരാഷ്ട്രയും ഹിന്ദി ബെല്‍റ്റിലെ ജാര്‍ഖണ്ഡും നല്‍കുന്ന ഫലങ്ങള്‍ ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായകമാണ്.

കേരളത്തില്‍ നടക്കുന്നത് ഉപതിരഞ്ഞെടുപ്പാണെങ്കിലും ഇക്കുറി പൊതുതിരഞ്ഞെടുപ്പിനോളം പോന്ന ചൂടും ചൂരുമുണ്ട്. ഭരണ-പ്രതിപക്ഷ പോര് പാരമ്യത്തില്‍ 3 നില്‍ക്കുന്ന ഘട്ടത്തിലാണ് വോട്ടെടുപ്പ് എന്നതു മാത്രമല്ല, ഭരണ വിരുദ്ധവികാരം പാരമ്യതയിലുമാണ്. പിണറായി വിജയന്റെ നേത്യത്വത്തിലുള്ള സര്‍ക്കാര്‍ അമ്പേ പരാജയമാണെന്ന് അവരുടെ എം.എല്‍.എ തന്നെ വിളിച്ചുപറഞ്ഞ വാക്കുകള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. ഇടതു ഭരണത്തില്‍ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് അധോലോക സംഘമായി മാറിയിരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പുകൂടി കൈയാളുന്ന മുഖ്യമന്ത്രിയായി ഭരണം നടത്തുമ്പോള്‍ പൊലീസ് സേനയുടെ കാര്യക്ഷമതക്കുനേരെ തുടര്‍ച്ചയായി കരിനിഴല്‍ വീഴുന്ന കാഴ്ചയായിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയപ്പോള്‍ മുതല്‍ അദ്ദേഹത്തിന് ഏറെ കുമ്പസരിക്കേണ്ടിവന്നത് പൊലീസിന്റെ പരാജയങ്ങളുടെ പേരിലാണ്. പൊലീസിന് വീഴ്ച പറ്റി എന്ന് മുഖ്യമന്ത്രിക്ക് എത്ര തവണ പറയേണ്ടി വന്നു എന്നതിന് കണക്കില്ല. എന്നിട്ടും പൊലീസിലെ പുഴുക്കുത്തുകളെ നീക്കാന്‍ അദ്ദേഹം ചെറുവിരലനക്കിയില്ല. മാത്രമ ല്ല, പൊലീസിനെ ന്യായീകരിക്കുകയുമാണ് ചെയ്തത്. അപ്പോഴെല്ലാം പൊലീസിന്റെ്‌റെ ആത്മവീര്യം തകര്‍ക്കരുതെന്നായിരുന്നു പിണറായി ഉരുവിട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഈ ന്യായീകരണത്തെ ഹൈക്കോടതി പോലും പലവട്ടം വിമര്‍ശിക്കുകയുണ്ടായി.

എല്ലാ നിലയിലും ഇടതു സര്‍ക്കാര്‍ പരാജയമാണ്. ഭരണത്തെ നിഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും ഇക്കാര്യം വ്യക്തമാകുകയും ചെയ്യും. മുഖ്യമന്ത്രിയുടെ മ കളും വിവാദത്തിലാണ്. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം കൊണ്ട് കേരളം രാജ്യത്തെ ഏറ്റവും കടക്കെണിയിലായ സംസ്ഥാനമായി മാറിയിട്ടുണ്ട്. വിലക്കയറ്റം കൊടികുത്തി വാഴുകയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ പോലുമില്ലാത്ത അവസ്ഥയാണ്. ക്ഷേമ പെന്‍ഷനുകള്‍ നിരന്തരം മുടങ്ങുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് സി.പി.എം യോഗങ്ങളില്‍ പിണറായിക്കുനേരെയും ഭരണത്തിലെ പാളിച്ചകളും കടുത്ത വിമര്‍ശനവിധേയമായതുതന്നെ മതി ഭരണപരാജയം വ്യക്തമാകാന്‍. എന്നാല്‍ ഭരണ പരാജയം മറച്ചുപിടിക്കാന്‍ പിണറായി സര്‍ക്കാര്‍ അടവുകള്‍ എല്ലാം പുറത്തെടുക്കുമെന്ന് വ്യക്തമാണ്.

തൃശൂര്‍ പുരം കലക്കി ബി.ജെ.പിക്ക് ജയിച്ച് കയറാന്‍ അവസരമൊരുക്കിയ പിണറായി സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്തെല്ലാം കളികള്‍ കളിക്കുമെന്ന് കണ്ടറിയണം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ പാലക്കാട് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. ത്യശൂര്‍ ജയത്തിന്റെ വഴിയേ പാലക്കാടും ജയിച്ചുകയറാനുള്ള ഡീലായിരിക്കും ബി.ജെ.പിക്കായി സി.പി.എം ഒരുക്കുക. അങ്ങനെ സംഭവിച്ചാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വലിയ കുതിപ്പായി മാറും. മക്കളെയും സ്വന്തം ഭാവിയും രക്ഷിക്കാന്‍ പിണറായി വിജയന്‍ അതിന് കൂട്ടുനില്‍ക്കില്ലെന്ന് ഉറപ്പിക്കാനാവില്ല. അതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടത് മതേതര ജനാധിപത്യ വിശ്വാസികളായ വോട്ടര്‍മാരാണ്, ഒപ്പം യു.ഡി.എഫ് നേതൃത്വവും. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മതേതര വിശ്വാസികളായ വോട്ടര്‍മാര്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നതില്‍ സംശയമില്ല. സംസ്ഥാനത്തെ എല്ലാനിലയിലും തകര്‍ത്തുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിന് ഷോക്ക് ട്രീറ്റ്മെന്റ കൊടുക്കാന്‍ പറ്റിയ അവസരമാണിത്. ജനവിരുദ്ധ നീക്കങ്ങള്‍ നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാനുള്ള വലിയ അവസരമാണിത്

 

webdesk17: