X

ജര്‍മനയിലും സ്‌പെയിനിലും മുസ്്‌ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചു

ബെര്‍ലിന്‍: ജര്‍മനിയിലും സ്‌പെയിനിലും മുസ്്‌ലിംകള്‍ക്കും ഇസ്്‌ലാമിക സ്ഥാപനങ്ങള്‍ക്കുമെതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ മുസ്്‌ലിംകള്‍ക്കും പള്ളികള്‍ക്കും നേരെ 950ലേറെ ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പെയിനില്‍ അഞ്ഞൂറിലേറെ ആക്രമണങ്ങളുണ്ടായി. മുസ്്‌ലിം സ്ത്രീകളും കുട്ടികളും നിരവധി പള്ളികളും ആക്രമണത്തിനിരയായി. ജര്‍മനിയില്‍ 33 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു. ഹിജാബ് ധരിച്ച മുസ്്‌ലിം സ്ത്രീകള്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ അരങ്ങേറി. പള്ളികള്‍ക്കും മുസ്്‌ലിം ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങള്‍ക്കുമെതിരെ 60 അക്രമങ്ങളുണ്ടായെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ജര്‍മനിയിലെ പ്രധാന നഗരങ്ങളില്‍ മുസ്്‌ലിംകളെ പരസ്യമായി വെല്ലുവിളിക്കുന്ന പ്രകടനങ്ങള്‍ നടന്നു. ഫ്രാന്‍സ് കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്്‌ലിം ജനസംഖ്യയുള്ളത് ജര്‍മനിയിലാണ്. അഭയാര്‍ത്ഥി പ്രവാഹത്തെ തുടര്‍ന്നുള്ള ഭീതികള്‍ മുതലെടുത്ത് തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ മുസ്്‌ലിംകള്‍ക്കെതിരെ വ്യാപക പ്രചാരണമാണ് നടത്തുന്നത്. സ്‌പെയിനില്‍ മുസ്്‌ലിംകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ 21 ശതമാനവും സ്ത്രീകള്‍ക്കുനേരെയായിരുന്നു. എട്ടു ശതമാനം ആക്രമണങ്ങള്‍ പുരുഷന്മാര്‍ക്കുനേരെയും നാലു ശതമാനം കുട്ടികള്‍ക്കെതിരെയും ഏഴ് ശതമാനം പള്ളികള്‍ക്കുനേരെയുമായിരുന്നുവെന്ന് സിറ്റിസന്‍സ് പ്ലാറ്റ്‌ഫോം എഗെയ്ന്‍സ്റ്റ് ഇസ്‌ലാമോഫോബിയ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്്‌ലിം ബിസിനസ് സ്ഥാപനങ്ങളെയും അക്രമികള്‍ വെറുതെവിട്ടില്ല.

chandrika: