ഭോപ്പാല്‍: മോദിയെ അധികാരസ്ഥാനത്തു നിന്ന് പുറത്താക്കാന്‍ വാജ്‌പേയി നേരത്തെ തീരുമാനിച്ചിരുന്നതായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍. ഗോധ്ര കലാപത്തിനു ശേഷം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു മോദി തുടരേണ്ടതില്ലെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പെയ് തീരുമാനിച്ചിരുന്നതായി യശ്വന്ത് സിന്‍ഹ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മോദിയെ നീക്കേണ്ടതില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ അദ്വാനി സമ്മര്‍ദം ഉയര്‍ത്തിയതോടെ ആ തീരുമാനം നടപ്പാകാതെ പോവുകയായിരുന്നു.
ഗുജറാത്തില്‍ വര്‍ഗീയ കലാപം ഉണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായി ഇനി നരേന്ദ്ര മോദി തുടരേണ്ടതില്ലെന്നായിരുന്നു വാജ്‌പേയിയുടെ നിലപാട്. രാജി വയ്ക്കാന്‍ മോദി തയാറായില്ലെങ്കില്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ പിരിച്ചുവിടാനായിരുന്നു വാജ്‌പേയിയുടെ നീക്കം. 2002ല്‍ ഗോവയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തില്‍ വാജ്‌പേയി ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ അദ്വാനി തടസം നിന്നതോടെ ഈ നീക്കം പാളിപ്പോവുകയായിരുന്നുവെന്ന് സിന്‍ഹ വ്യക്തമാക്കി.
‘എനിക്ക് കിട്ടിയ വിവരമനുസരിച്ച് അന്ന് വാജ്‌പേയിയുടെ തീരുമാനത്തെ അദ്വാനി എതിര്‍ത്തു. ഗുജറാത്തിലെ മോദിസര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ താന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വാജ്‌പേയിക്ക് തന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നു.’ മുന്‍ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സിന്‍ഹ പറഞ്ഞു.