ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപഹസിച്ച് പ്രസ്താവനയിറക്കിയ പ്രധാനമന്ത്ര നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കൂട്ടം അധ്യാപകര്‍ രംഗത്ത്. സര്‍വകലാശാലയിലെ 207 അധ്യാപകരാണ് മുന്‍ പ്രധാനമന്ത്രിക്കെതിരായ നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ അപലപിച്ച് പ്രസ്താവന ഇറക്കിയത്.
അപകീര്‍ത്തികരവും കള്ളവുമായ പരാമര്‍ശങ്ങളാണ് നരേന്ദ്ര മോദി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇത്ര കണ്ട് നിലവാരത്തകര്‍ച്ചയുള്ള ഒരു പ്രധാനമന്ത്രി ഉണ്ടാകില്ലെന്നും അധ്യാപകര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. അദ്ദേഹത്തിനെതിരെ ഒരു പ്രധാനമന്ത്രി തന്നെ അപഹാസ്യമായി സംസാരിക്കുന്നതിലൂടെ ആ പദവിയുടെ അന്തസ്സ് തന്നെ കളഞ്ഞുകുളിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ ടെലികമ്മ്യൂണിക്കേഷന്‍ വിപ്ലവവും കാര്‍ഗില്‍ യുദ്ധവും മുന്‍നിര്‍ത്തിയായിരുന്നു അധ്യാപകരുടെ പ്രതിഷേധക്കുറിപ്പ്. നരേന്ദ്ര മോദിയെപ്പോലെ താഴ്ന്ന നിലവാരം പുലര്‍ത്താന്‍ മറ്റൊരു പ്രധാനമന്ത്രിക്കും സാധിക്കില്ലെന്നും അധ്യാപകര്‍ കുറ്റപ്പെടുത്തി.