അഡ്വ. കെ.എ ലത്തീഫ്
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന്‌ശേഷം ഇന്ത്യയിലെ ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്ക് ഭരണഘടനയുടെ പിന്‍ബലത്താല്‍ അനുവദിച്ച് കിട്ടിയ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കാഴ്ച ആശങ്ക ഉളവാക്കുന്നതാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേതൃത്വം കൊടുക്കുന്ന 15 അംഗ മൗലാന ആസാദ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം സര്‍ക്കാര്‍ തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതാണ് സമീപകാല അനുഭവം. ഇന്ത്യയിലെ എഴുപതിനായിരത്തോളം മദ്രസകളിലൂടെ ഭൗതിക വിദ്യാഭ്യാസംകൂടി നല്‍കുക എന്ന ലക്ഷ്യത്തോട്കൂടിയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി PQEM (Scheme for Providing Qualtiy Education in Madras) പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ ഇത്തരം പദ്ധതികളെ അന്ധമായ മുസ്‌ലിം വിരുദ്ധതയുടെ പേരില്‍ ആരംഭ ദിശയില്‍ തന്നെ എതിര്‍ത്തിരുന്നവരായിരുന്നു ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം.
രാജ്യം വൈവിധ്യങ്ങളില്‍ അതിഷ്ഠിതമായ ഒന്നാണ് എന്ന സാമാന്യ ബോധം പോലും നഷ്ടപ്പെട്ടവര്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഒന്നൊന്നായി ചവിട്ടി മെതിക്കുന്ന കാഴ്ചയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലൂടെ വെളിവാകുന്നത്. അദാനി, അംബാനിമാര്‍ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റ് മൂലധന ശക്തികള്‍ക്ക് ഇന്ത്യയെ തുണ്ടം, തുണ്ടമായി വില്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി വെട്ടിനിരത്തുകയാണ്.
ബജറ്റില്‍ പോലും അനുവദിച്ച തുക കൈമാറാതെ പദ്ധതികള്‍ ലാപ്‌സാക്കുകയായിരുന്നു ഒരു തന്ത്രം. പദ്ധതി തുക പോലും വെട്ടികുറച്ച് ന്യൂനപക്ഷങ്ങളെ പാര്‍ശ്വവത്കരിക്കുന്ന കാഴ്ചയാണ് ഇത്തവണത്തെ ബജറ്റിന്റെ സാക്ഷ്യപത്രം. 2022-2023 സാമ്പത്തിക വര്‍ഷം ഏകദേശം 2400 കോടി രൂപയാണ് വിനിയോഗിക്കാതെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെടുത്തിക്കളഞ്ഞത്. നിരവധി ന്യൂനപക്ഷ ക്ഷേമപദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍ത്തലാക്കിയത്. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് ലഭിക്കേണ്ട പദ്ധതി തുകയില്‍നിന്ന് പുതിയ സാമ്പത്തിക വര്‍ഷം യാതൊരു ദയയും കൂടാതെ വെട്ടിക്കുറച്ചത് രണ്ടായിരം കോടി രൂപയാണ്.
2022-2023 ബജറ്റില്‍ 5020.50 കോടി രൂപയായിരുന്നു ന്യൂനപക്ഷ പദ്ധതികള്‍ നടപ്പാക്കാന്‍ മന്ത്രാലയത്തിന് നീക്കിവെച്ചതെങ്കില്‍ ഈ വര്‍ഷത്തെ ബജറ്റില്‍ 3097.60 കോടി രൂപയാണ് ന്യൂനപക്ഷ വകുപ്പിന് അനുവദിച്ചിട്ടുള്ളത്. 1922.90 കോടി രൂപ എടുത്ത്മാറ്റാന്‍ എന്ത് പാതകമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയോട് ചെയ്തത്. കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച തുകയില്‍ 2407 കോടിയില്‍ പരം രൂപ ന്യൂനപക്ഷ വകുപ്പ് ചിലവഴിച്ചില്ല എന്നുകൂടി കാണുമ്പോള്‍ ബജറ്റില്‍ അനുവദിച്ച തുക പോലും ചിലഴിക്കാതെ പാഴാക്കി കളയാന്‍ മാത്രം ഗൂഢാലോചനയും ന്യൂനപക്ഷ വിരുദ്ധരായ ബ്യൂറോക്രാറ്റുകളുടെയും ഉള്ളം കൈയ്യിലാണ് ന്യൂനപക്ഷ മന്ത്രാലയം ഉള്ളത് എന്നും വിശ്വസിക്കേണ്ടിവരും.
നേരത്തെ മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് കൊണ്ടുവന്ന പല പദ്ധതികളും നരേന്ദ്രമോദി സര്‍ക്കാര്‍ പേര് മാറ്റികൊണ്ട് വന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നിര്‍ദിഷ്ട ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ ന്യൂനപക്ഷത്തിന്റെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ജീവിതനിലവാരം ഉയര്‍ത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ പേര് മാറ്റി കൊണ്ടുവന്ന പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യകാരം (PMJVK) പദ്ധതിക്ക് 600 കോടി രൂപ മാത്രമാണ് ഇത്തവണ നീക്കിവെച്ചത്.
കഴിഞ്ഞ ബജറ്റില്‍ പ്രസ്തുത തുക 1050 കോടി രൂപയായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്. ഇവിടെയും ഉദ്യോഗസ്ഥ ഭരണകൂട ഗൂഢാലോചനയുടെ ഭാഗമായി 1150 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പാഴാക്കിയതായി കാണാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന പതിനഞ്ചിന പരിപാടിയിലെ ഏറ്റവും ആകര്‍ഷകമായ പദ്ധതിയായിരുന്നു മദ്രസ ആധുനീകരണവത്കരണ പദ്ധതി. ഇതിലൂടെ ആധുനിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് അത് പ്രാപ്യമാക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അന്ന് മുതല്‍ ബി.ജെ.പിയും ആര്‍.എസ്.എസും ഇത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുസ്‌ലിം പ്രീണന നിലപാടിന്റെ ഭാഗമാണ് എന്ന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ മദ്രസ ആധുനികവത്കരണ പദ്ധിതയെ പാടേ തകര്‍ക്കുന്ന നിലപാടാണ് ഇത്തവണ അവതരിപ്പിച്ച ബജറ്റില്‍ കാണാനാവുന്നത്. പോയ ബജറ്റില്‍ 160 കോടി രൂപയായിരുന്നു മദ്രസ ആധുനികവത്കരണ പദ്ധതിക്ക് നീക്കിവെച്ചിരുന്നത്. ഇത്തവണ അത് 10 കോടി രൂപ മാത്രം. മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് പതിനഞ്ചിന പരിപാടിയുമായി ബന്ധപ്പെട്ട ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ 2615 കോടി രൂപ നീക്കിവെച്ചതെങ്കില്‍ ഇത്തവണ അത് 1689 കോടിയാക്കി ചുരുക്കി.
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇതുവരെ നല്‍കിവന്നിരുന്ന പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയത് കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരികള്‍ക്ക് മാത്രം ചെയ്യാവുന്ന പ്രവൃത്തിയാണ്. പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമായി നിജപ്പെടുത്തി പദ്ധതിക്ക് നേരത്തെ നല്‍കിയ 1425 കോടിയില്‍നിന്ന് 433 കോടിയായി ചുരുക്കി. കഴിഞ്ഞ ബജറ്റില്‍ പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിനായി വകയിരുത്തിയ 1425 കോടി രൂപയില്‍ വെറും 556.82 കോടി രൂപ മാത്രമാണ് ചിലവഴിച്ചത്.
ഫാസിസ്റ്റ് സര്‍ക്കാരിന്റെ പിന്നണിയാളുകളായ ഉദ്യോഗസ്ഥ വര്‍ഗത്തെ ഫണ്ട് വിനിയോഗം മുടക്കാന്‍ പ്രത്യേകം ഏര്‍പ്പാട് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാല്‍ തെറ്റില്ല. ബിരുദ, പി.ജി പ്രൊഫഷണല്‍ കോഴ്‌സുകളിലും, സാങ്കേതിക വിഷയങ്ങളിലും പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിനുള്ള ഫണ്ട് 365 കോടിയായിരുന്നത് 44 കോടിയിലേക്ക് ചുരുക്കി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ വൈദഗ്ധ്യ വികസനത്തിനായി നല്ലൊരു തുക നീക്കിവെക്കാറുണ്ടായിരുന്നു. കഴിഞ്ഞതവണ ഈ ഇനത്തില്‍ 491.91 കോടി രൂപ അനുവദിച്ചതെങ്കില്‍ ഇത്തവണ അത് 64.60 കോടി രൂപ മാത്രം. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള നൈപുണ്യ വികസന പദ്ധതിക്ക് കഴിഞ്ഞതവണ അനുവദിച്ചത് 235.41 കോടി. എന്നാല്‍ ഇത്തവണത്തെ തുക കേട്ടാല്‍ ഞെട്ടരുത് വെറും 10000 രൂപ മാത്രം.