X

കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ ബി.ജെ.പിയെ ജയിപ്പിച്ച് സി.പി.എമ്മിന്റെ ലീഗ് വിരോധം; അതിബുദ്ധി കാരണം ഇടത് നേതാവ് തോറ്റു

കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിനിധിയെ വിജയിപ്പിച്ചത് സി.പി.എമ്മിന്റെ മുസ്ലിംലീഗ് വിരോധം. ലീഗ് പ്രതിനിധി ഡോ. റഷീദ് അഹമ്മദിനെ തോൽപ്പിക്കാനുള്ള സി.പി.എമ്മിന്റെ പദ്ധതി കാരണമാണ് ക്വാട്ട തികയാതെ തന്നെ ജയിച്ചു കയറാൻ ബി.ജെ.പി പ്രതിനിധിക്ക് അവസരമായത്. ഇടതുപക്ഷത്തിന്റെ അതിബുദ്ധി കാരണം ഇടത് സർവ്വീസ് സംഘടനാ നേതാവ് വി.എസ് നിഖിലും തോറ്റു.

രണ്ട് വോട്ട് മാത്രമാണ് നിഖിലിന് കിട്ടിയത്. സ്വന്തം സ്ഥാനാർത്ഥിയെ തോൽപിച്ച സി.പി.എം ബി.ഡി.ജെ.എസ് കോളേജ് മുതലാളിയെ 11 വോട്ട് കൊടുത്താണ് ജയിപ്പിച്ചത്. റഷീദ് അഹമ്മദിനെ തോൽപ്പിക്കാൻ അധ്യാപക മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ വിനിയോഗിക്കുകയായിരുന്നു.

ആകെ 63 വോട്ടുള്ള ഇടതുപക്ഷം കോളേജ് അധ്യാപകർക്ക് ജയിക്കാനുള്ള 3 സീറ്റിൽ 41 വോട്ടുകളാണ് നൽകിയത്. ജനറൽ മണ്ഡലത്തിൽ ആകെ 13 ഫസ്റ്റ് വോട്ടാണ് സി.പി.എം പ്രതിനിധികൾക്ക് അലോട്ട് ചെയ്തത്. അധ്യാപക മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ നൽകി റഷീദ് അഹമ്മദിനെ പരാജയപ്പെടുത്താനായിരുന്നു പദ്ധതി. പക്ഷേ എല്ലാം തകർന്ന് തരിപ്പണമായി.

സി.പി.എമ്മിന് എതിരാളിയില്ലാത്ത പ്രിൻസിപ്പൽ മണ്ഡലം, യൂണിവേഴ്‌സിറ്റി അധ്യാപക മണ്ഡലം എന്നിവയിലും ധാരാളം വോട്ടുകൾ സി.പി.എം അലോട്ട് ചെയ്തതും പരാജയത്തിന് കാരണമായി. ഇതോടെ ബി.ജെ.പി മത്സരിക്കുന്ന ജനറൽ മണ്ഡലത്തിൽ വിനിയോഗിക്കാൻ വോട്ടില്ലാതാവുകയായിരുന്നു. അതോടെ ബി.ജെ.പി സ്ഥാനാർത്ഥി ക്വാട്ട തികയാതെ തന്നെ ജയിച്ചു. സർവ്വകലാശാല ചരിത്രത്തിൽ ബി.ജെ.പി അംഗത്തെ ജയിപ്പിച്ച മേന്മ ഇനി സി.പി.എമ്മുകാർക്ക് സ്വന്തം.

webdesk13: