മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ കേസെടുക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്. സമൂഹമാധ്യമത്തിൽ ഹിന്ദു വിരുദ്ധ വികാരം പ്രചരിപ്പിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് ഉത്തരവ്. അഭിഭാഷകയായ അമിത സച്ദേവ് ആണ് പരാതി നൽകിയത്.
എക്സ് പോസ്റ്റിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയെന്നും റാണക്കെതിരെ അഭിഭാഷക നൽകിയ പരാതിയില്‍ ആരോപിക്കുന്നു.
ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്ന പ്രവൃത്തിയിലേർപ്പെടൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹിമാൻഷു രമൺ സിങ് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. ആരോപണങ്ങളുടെ ഗൗരവം പരിഗണിച്ച് അതിവേഗം അന്വേഷണം നടത്തണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2016-17 കാലത്ത് ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചു എന്ന് ആരോപിച്ചാണ് കഴിഞ്ഞ നവംബറിൽ അഭിഭാഷകയും ഹിന്ദുത്വവാദിയുമായ അമിത സച്ദേവ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകിയത്. എന്നാൽ, പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.