X
    Categories: CultureViews

സഹതാപ തരംഗവും തുണച്ചില്ല; രാജസ്ഥാനില്‍ ബി.ജെ.പി നേരിട്ടത് ഞെട്ടിക്കുന്ന തിരിച്ചടി

ജയ്പൂര്‍: രാജ്യം കാത്തിരുന്ന രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയാ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. 2014-ല്‍ ബി.ജെ.പി മികച്ച വിജയം സ്വന്തമാക്കിയ അജ്മീര്‍, അല്‍വാര്‍ മണ്ഡലങ്ങളിലും 2013-ല്‍ ബി.ജെ.പി വിജയിച്ച മണ്ഡല്‍ഗഡ് അസംബ്ലി സീറ്റിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി.

ജാട്ട്, മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ അജ്മീറില്‍ ബി.ജെ.പിയുടെ രാം സ്വരൂപ് ലാംബ ഒരു ലക്ഷത്തോളം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രഘു ശര്‍മയോട് തോറ്റത്. യാദവ് വിഭാഗക്കാരായ രണ്ട് ഡോക്ടര്‍മാര്‍ തമ്മില്‍ പ്രധാന പോരാട്ടം നടന്ന അല്‍വാറില്‍ ബി.ജെ.പിയുടെ ഡോ. ജസ്വന്ത് സിങ് യാദവിനെ കോണ്‍ഗ്രസിന്റെ ഡോ. കരണ്‍ സിങ് യാദവ് ഒന്നേ മുക്കാല്‍ ലക്ഷത്തോളം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. മണ്ഡല്‍ഗഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിവേദ് ധാകര്‍ 70143 വോട്ടുകള്‍ നേടി ബി.ജെ.പിയുടെ ശക്തി സിങ് ഹാഡയെ 12976 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

സ്വന്തം സാമാജികര്‍ മരിച്ചതിനെ തുടര്‍ന്നാണ് മൂന്നു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് അനിവാര്യമായതെങ്കിലും, സഹതാപ തരംഗം പോലും ബി.ജെ.പിക്കൊപ്പം നിന്നില്ല എന്നതാണ് ഉപതെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായത്. അല്‍വാറില്‍ 2014-ല്‍ കോണ്‍ഗ്രസിന്റെ ഭന്‍വര്‍ ജിതേന്ദ്ര സിങിനെ 283,895 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച ബി.ജെ.പിയുടെ മഹന്ത് ചന്ദ്‌നാഥ് കഴിഞ്ഞ സെപ്തംബറിലാണ് മരിച്ചത്. ‘നാഥ്’ വിഭാഗത്തിന്റെ തലവനായിരുന്ന മഹന്തിന്റെ മരണം സഹതാപത തരംഗമുണ്ടാക്കുമെന്ന് ബി.ജെ.പി കണക്കു കൂട്ടിയെങ്കിലും തെരഞ്ഞെടുപ്പില്‍ പിഴച്ചു.

കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ താരമായ സച്ചിന്‍ പൈലറ്റിനെ കീഴടക്കിയാണ് 2014-ല്‍ ബി.ജെ.പിയുടെ സന്‍വര്‍ ലാല്‍ ജാട്ട് അജ്മീര്‍ മണ്ഡലത്തില്‍ ജയിച്ചത്. ജാട്ട് നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ സന്‍വര്‍ ലാല്‍ നരേന്ദ്ര മോദി സര്‍ക്കാറില്‍ സഹമന്ത്രിയുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

2014-ല്‍ ബി.ജെ.പിക്കൊപ്പം നിന്ന ജാട്ടുകള്‍ പൂര്‍ണമായും എതിര്‍ ചേരിയിലേക്ക് മാറി എന്നതിന്റെ സൂചനകളാണ് അജ്മീര്‍ തെരഞ്ഞെടുപ്പില്‍ വ്യക്തമാകുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍, കര്‍ഷകരായ ജാട്ടുകള്‍ അസ്വസ്ഥരാണെന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നു വ്യക്തമാകുന്നു.

മണ്ഡല്‍ഗഡില്‍ 2013-ല്‍ കോണ്‍ഗ്രസിന്റെ വിവേക് ധാകറിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ ബി.ജെ.പിയുടെ കീര്‍ത്തി കുമാരി കഴിഞ്ഞ വര്‍ഷം പന്നിപ്പനി പിടിപെട്ടാണ് മരിച്ചത്. മുന്‍ രാജ കുടുംബമായിരുന്ന ബിജോലിയയിലെ അംഗമായിരുന്ന കീര്‍ത്തി രാജ്പുത് കുടുംബാംഗമായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: