തിരുവനന്തപുരം | അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂളുകളിലും കോളേജുകളിലും ലഹരിയുടെ തായ്‌വേര് അറുക്കാൻ ‘നേർവഴി’ പദ്ധതിയുമായി എക്സൈസ്.
ലഹരി വിമോചന പദ്ധതിയായ വിമുക്തിയുടെ ഭാഗമായി ലഹരി ഉപയോഗത്തിലേക്ക് തിരിയുന്ന കുട്ടികളെ കരകയറ്റാനുള്ള പ്രാഥമിക ഇടപെടലായ ‘നേർവഴി’ അധ്യാപകരുടെ പങ്കാളിത്തത്തോടെ ആണ് നടപ്പാക്കുന്നത്.
വാട്ട്സ്ആപ്പിലോ ഫോൺ കോളിലോ ലഭിക്കുന്ന വിവരങ്ങൾ സ്വീകരിക്കാൻ എക്സൈസ് കമ്മിഷണറേറ്റിൽ പ്രത്യേകം ഉദ്യോഗസ്ഥനുണ്ട്. ഈ വിവരങ്ങൾ വിമുക്തി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർമാരായ അസി. കമ്മിഷണർമാരെ അറിയിക്കും.
കൗൺസിലിംഗ് പരിശീലനം ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ് ബോധവത്കരണം, കൗൺസലിംഗ് തുടങ്ങിയ ഇടപെടലുകളിലൂടെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമം നടത്തും. വിവരങ്ങൾ നൽകുന്നവരെ പറ്റി പുറത്തറിയിക്കില്ല. വിവരം നൽകേണ്ട നമ്പർ: 9656178000.