X

സ്ത്രീപക്ഷ നിലപാടുകള്‍ കപടം വിവാദത്തില്‍ മുങ്ങി സി.പി.എം

കോഴിക്കോട്: നവോത്ഥാനവും സ്ത്രീ സ്വാതന്ത്ര്യവും മുഖ്യ അജണ്ടയായി വനിതാമതില്‍ നിര്‍മിച്ച സി.പി.എം ലോക്്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വെള്ളം കുടിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്ന കഥകള്‍ ഏറെ പുറത്തുവന്നിട്ടുണ്ട്. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഉണ്ടായ പരാതി പാര്‍ട്ടി അന്വേഷിച്ച് ഒരു വഴിക്കാക്കുകയായിരുന്നു. ഇരയോടൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് പിന്നെ പാര്‍ട്ടിയെ കണ്ടത്.
ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശം സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. വിജയരാഘവനെ രക്ഷിക്കാന്‍ കോടിയേരി ബാലകൃഷ്ണനും ആലത്തൂര്‍ ഇടതു സ്ഥാനാര്‍ത്ഥി പി.കെ ബിജുവും രംഗത്തെത്തിയിരുന്നുവെങ്കിലും വനിതാ കമ്മീഷന്‍ വിജയരാഘവനെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് മാറുകയാണ്. വിജയരാഘവന്റെ ഭാഗത്തുനിന്ന് ജാഗ്രതാക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ വ്യക്തമാക്കുകയുണ്ടായി. ലോ ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
വനിതകള്‍ക്ക് പ്രായഭേദമെന്യെ ശബരിമല ദര്‍ശനം അനുവാദം നല്‍കുന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അമിതാവേശം കാണിച്ച സി.പി.എമ്മും സര്‍ക്കാറും സ്ത്രീകളുടെ അന്തസ്സും സമൂഹത്തിലെ സ്ഥാനവും അംഗീകരിക്കാനാണ് ശ്രമിച്ചതെന്ന് വാദിച്ചിരുന്നു. അതേസമയം, ആക്ടിവിസ്റ്റുകളെയും നിരീശ്വരവാദികളെയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിമര്‍ശനം നേരിട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കൊമ്പുകോര്‍ത്തതും ചര്‍ച്ചയായിരുന്നു. വനിതാമതില്‍ നടത്തിയതിന്റെ പിറ്റേ ദിവസം തന്നെ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കുകയായിരുന്നു. ഇപ്രകാരം സ്ത്രീകള്‍ക്കുവേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നുവെന്ന പ്രചാരണം നടത്തിയ സി.പി.എം ഇപ്പോള്‍ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തുന്ന നേതാക്കളുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്.
വിജയരാഘവന്റെ വിവാദ പ്രസ്താവന അനാവശ്യ സന്ദര്‍ഭത്തില്‍ മുന്നണിയെ വെട്ടിലാക്കുന്നതാണെന്ന് ഘടകകക്ഷികളും അഭിപ്രായപ്പെടുന്നു. സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും സംഭവം മുന്നണിയെ പ്രതിരോധത്തിലാക്കിയെന്ന് സമ്മതിക്കുകയാണ്.
വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതോടെ തന്നെ ഇടതുമുന്നണി പ്രചാരണം മുന്നോട്ട് നീക്കാന്‍ വഴി കാണാതെ പ്രയാസപ്പെടുകയാണ്. ഈ സന്ദര്‍ഭത്തില്‍ തന്നെയാണ് വിജയരാഘവന്റെ വാവിട്ട വാക്ക് അനര്‍ത്ഥമായി മാറിയത്. മഹിളാ കോണ്‍ഗ്രസും വനിതാലീഗും സംഭവത്തില്‍ പ്രതിഷേധിച്ചു രംഗത്തെത്തിയിരുന്നു. സി.പി.എം നിയന്ത്രണത്തിനുള്ള ജനാധിപത്യ മഹിളാ ഫെഡറേഷന്‍ പ്രതികരിച്ചിട്ടില്ലെങ്കിലും സംസ്ഥാന വനിതാ കമ്മീഷന്‍ വിജയരാഘവനെതിരെ രംഗത്തെത്തിയത് പാര്‍ട്ടിയെ കടുത്ത സമ്മര്‍ദത്തിലാക്കുകയാണ്. വിജയരാഘവനെ ന്യായീകരിക്കാന്‍ ശ്രമിച്ചവരും ഇപ്പോള്‍ മൗനത്തിലാണ്. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ തയാറാവാതിരുന്നതും ചര്‍ച്ചയാണ്. വയനാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പ്രചാരണം എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ഇടതുമുന്നണി. പാപഭാരം മുഴുവന്‍ പാര്‍ട്ടി ഒറ്റക്ക് ചുമക്കേണ്ട അവസ്ഥിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

web desk 1: